sss

തിരുവനന്തപുരം: ഭാവി വിജ്ഞാന വികസന കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള സമഗ്രപദ്ധതിയാണ് സംസ്ഥാന ബഡ്‌ജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. ഇടതുമുന്നണിയും പി.ജി. സ്‌മാരക ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച ' ബഡ്‌ജറ്റ് അവലോകനവും തലസ്ഥാന വികസനവും ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞത്തിന്റെ വികസന സാദ്ധ്യതകൾ തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുകയാണ് 8000 കോടി രൂപയുടെ കാപ്പിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം ലക്ഷ്യമാക്കുന്നത്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്റർ നീളത്തിൽ വ്യവസായ ഇടനാഴിയും നോളജ് പാർക്കുകളും വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കുന്ന പദ്ധതിക്കായി പ്രത്യേക കമ്പനി ഉടൻ രജിസ്റ്റർ ചെയ്യും. നഗരത്തെ ആരോഗ്യ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. പത്ഭനാഭപുരം കൊട്ടാരം മുതൽ ആറന്മുള വരെ തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതി നടപ്പാക്കും. അത്യാധുനിക സൗകര്യങ്ങളുമായി മെഡിക്കൽ കോളേജിനെ മാറ്റിയെടുക്കാനും പദ്ധതിയുണ്ട്. പൈതൃക നഗര വികസനപദ്ധതിക്ക് ഡി.പി.ആർ തയ്യാറാക്കാൻ കരാർ നൽകിയെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എം. വിജയകുമാർ, ശിവൻകുട്ടി,​

ടി.എൻ. സീമ, ആനാവൂർ നാഗപ്പൻ, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവർ പങ്കെടുത്തു.