തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും സമയബന്ധിതമായി ശമ്പളപരിഷ്കരണം യാഥാർത്ഥ്യമാക്കിയ സർക്കാർ നടപടിയെ ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സ്വാഗതം ചെയ്തു.
തീരുമാനത്തെ അഭിവാദ്യം ചെയ്ത് ഇന്ന് എല്ലാ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രകടനം നടത്തുമെന്നും ജനറൽ കൺവീനർ എം.എ. അജിത്കുമാറും, ചെയർമാൻ കെ.സി. ഹരികൃഷ്ണനും അറിയിച്ചു.
കൃത്യസമയത്ത് ശമ്പളപരിഷ്കരണ കമ്മിഷനെ ചുമതലപ്പെടുത്തി അഞ്ച് വർഷത്തിലൊരിക്കൽ പരിഷ്കരണം എന്ന കീഴ്വഴക്കം പാലിക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് അഭിപ്രായപ്പെട്ടു.
കൊവിഡിന്റെ മറവിൽ കേന്ദ്രസർക്കാരും ഇതര സംസ്ഥാന സർക്കാരുകളും തൊഴിലാളി വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുമ്പോൾ രാജ്യത്തിനുതന്നെ മാതൃകയായാണ് സംസ്ഥാന സർക്കാർ വേതനപരിഷ്കരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുന്നതെന്നും എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ അഭിപ്രായപ്പെട്ടു.
ശമ്പളപരിഷ്കരണം നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ജീവനക്കാരെ പണിമുടക്കിലേക്കും സമരങ്ങളിലേക്കും തള്ളിവിടാതെ യഥാസമയം ശമ്പളപരിഷ്കരണം യാഥാർത്ഥ്യമാക്കിയ സർക്കാരിനെ കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ അഭിനന്ദിച്ചു.
ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സ്വാഗതാർഹം:കെ.ജി.ഒ.എ
തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധികൾക്കിടയിലും സമയബന്ധിതമായി പുറത്തിറക്കിയ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും 11ാം ശമ്പളക്കമ്മിഷൻ റപ്പോർട്ട് പൊതുവെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.