ഇരവിപുരം: മുഖംമൂടി ധരിച്ച് വീടിനുള്ളിൽ കടന്ന ക്വട്ടേഷൻ സംഘം രാത്രിയിൽ ഗൃഹനാഥന്റെ കാലുകൾ തല്ലിയൊടിച്ചു. സംഭവത്തിൽ അഞ്ചുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പാലത്തറ ബൈപ്പാസ് റോഡിനടുത്ത് എൻ.എസ് ആയുർവേദ ആശുപത്രിക്ക് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന അനിൽകുമാറിന് (52) നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ വടക്കേവിള സുരഭി നഗർ 191 അജിതാ ഭവനിൽ കുമാർ എന്ന് വിളിക്കുന്ന ശിവകുമാർ (46), അയത്തിൽ നഗർ പുളിന്താനത്ത് തെക്കതിൽ ബൈജു (48), ദർശന നഗർ 181 സബീന മൻസിലിൽ സനോജ് (37), പട്ടത്താനം ദർശന നഗർ 127 കാർത്തിക വീട്ടിൽ അരുൺ (40), പട്ടത്താനം ജനകീയ നഗർ 206 എ ഭാമ നിവാസിൽ സന്തോഷ് (48) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. പിറ്റേന്ന് രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. ബൈപ്പാസ് റോഡിലും പരിസരത്തുമുള്ള നൂറോളം നിരീക്ഷണ കാമറകളും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെയും അസി. പൊലീസ് കമ്മിഷണർ പ്രദീപ് കുമാറിന്റെയും മേൽനോട്ടത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് എസ്.ഐമാരായ ദീപു, ഷമീർ, സൂരജ് ഭാസ്കർ, എ.എസ്.ഐ ജയപ്രകാശ് എന്നിവരടങ്ങിയ സംഘം എഴുകോൺ കരീപ്രയിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പ്രതികളെ പിടികൂടിയത്. ആശുപത്രിയിൽ കഴിയുന്ന അനിൽ കുമാറിന്റെ ബന്ധുവായ സന്തോഷിന്റെ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടത്തിയത്.