mm-hassan

തിരുവനന്തപുരം: സി.പി.എം താത്കാലിക ലാഭത്തിന് വർഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒന്നിലേറെ സീറ്റുകൾ നേടിക്കൊടുക്കാമെന്ന രഹസ്യധാരണയാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത്. ഈ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പറയുന്ന രാഷ്ട്രീയപ്രചരണം സി.പി.എം ആവർത്തിക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വർണക്കള്ളക്കടത്ത് കേസിൽ ഒരു നടപടിയുമുണ്ടാകില്ലെന്ന ബി.ജെ.പിയുടെ ഉറപ്പിന്മേലാണ് സോളാർ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത്. 1964ൽ ലീഗുമായി അധികാരം പങ്കിട്ട സി.പി.എം, ലീഗ് ഒരു വർഗീയകക്ഷിയാണെങ്കിൽ എന്തിന് അവരുമായി ധാരണയുണ്ടാക്കി? കേരള രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ ബി.ജെ.പി നടത്തുന്ന വർഗീയപ്രചരണമാണ് സി.പി.എമ്മും ഏറ്റെടുത്ത് നടത്തുന്നത്. മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടത് രാഷ്ട്രീയവൈരാഗ്യം മൂലമാണ്. സി.പി.എം അണികളോട് കൊലക്കത്തി താഴെയിടാൻ പിണറായി വിജയൻ ആവശ്യപ്പെടണമെന്നും ഹസൻ പറഞ്ഞു.