തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് ഗൾഫിലേക്ക് കള്ളപ്പണം കടത്തി ബിസിനസിൽ നിക്ഷേപിച്ച വമ്പന്മാർക്കായി കസ്റ്റംസ് കുരുക്കു മുറുക്കുന്നു. ഗൾഫിൽ നിക്ഷേപമുള്ള രാഷ്ട്രീയ പ്രമുഖരുൾപ്പെടെ ഉന്നതരുടെ വിവരങ്ങൾ ശേഖരിച്ച കസ്റ്റംസ്, ചോദ്യംചെയ്യലിന് ഒരുങ്ങുകയാണ്. അന്വേഷണ ഏജൻസിയുടെ തുടർനീക്കങ്ങൾ രാഷ്‌ട്രീയ കോളിളക്കങ്ങൾക്ക് വഴിയൊരുക്കുന്നതാകും.
ലൈഫ് ഇടപാടിലെ കോഴപ്പണം 1.90 ലക്ഷം ഡോളറാക്കി (1.40കോടി രൂപ) യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വിദേശത്തേക്കു കടത്തിയ കേസിന്റെ തുടരന്വേഷണത്തിലാണ് പ്രമുഖരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയത്. ഡോളർ കടത്തിന് അകമ്പടി പോയത് സ്വപ്നയും സരിത്തുമായതിനാൽ ഇവരുടെ മൊഴികൾക്ക് വിശ്വാസ്യതയുണ്ടെന്ന് കസ്റ്രംസ് പറയുന്നു. കേരളത്തിലെ ചില ഉന്നതർക്കു വേണ്ടിയായിരുന്നു ഡോളർ കടത്തെന്നാണ് മജിസ്ട്രേറ്റിനു മുന്നിലും സ്വപ്ന മൊഴി നൽകിയത്.
മസ്കറ്റിലെ കോളേജിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്ന വിവരത്തെതുടർന്ന് കോളേജുടമ ലസീർ മുഹമ്മദിനെയും ഡീൻ ഡോ.കിരണിനെയും, സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസറിന്റെ പേരിലുള്ള സിം കാർഡ് സ്പീക്കർ ഉപയോഗിക്കുകയും ഇതുവഴി പ്രതികളെ വിളിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിൽ നിർണായകമാകും. കേന്ദ്രാനുമതി നേടിയ ശേഷം സ്പീക്കറെ ചോദ്യംചെയ്യാനാണ് കസ്റ്റംസ് നീക്കം.
കസ്റ്റംസ് തിരയുന്നത്
1) കടത്തിയത് ആരുടെയൊക്കെ പണം?
2) പണത്തിന്റെ സ്രോതസ് എന്ത്?
3) ഇത്രയധികം പണം എങ്ങനെ ഡോളറാക്കി?
4) വിദേശത്ത് ആർക്കൊക്കെ പണം കൈമാറി?
5) ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു?