vijayaraghavan

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയത് നൽകുന്ന സന്ദേശമെന്താണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ചോദ്യം പ്രചരണായുധമാക്കാൻ യു.ഡി.എഫ്. മുസ്ലിം ജനസാമാന്യത്തിനിടയിൽ ഇത് വൈകാരിക ചലനമുണ്ടാക്കാമെന്ന തിരിച്ചറിവിലാണിത്.

മുസ്ലിം ജനവിഭാഗങ്ങൾ, പ്രത്യേകിച്ച് സുന്നി വിഭാഗക്കാർ ആത്മീയ പരിവേഷത്തോടെ കാണുന്നതാണ് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്. മുസ്ലിംലീഗിനെ കേന്ദ്രീകരിച്ച് സി.പി.എം നടത്തിവരുന്ന രാഷ്ട്രീയപ്രചരണത്തിന്റെ തുടർച്ചയാണ് വിജയരാഘവന്റെ പ്രതികരണമെങ്കിലും, പാണക്കാട് തറവാടിനെ പേരെടുത്ത് പരാമർശിച്ചത് കടന്ന കൈയായോ എന്നാണ് സന്ദേഹം.

പരാമർശം തെറ്റായ വ്യാഖ്യാനത്തിന് വഴിയൊരുക്കിയെന്ന തോന്നൽ സി.പി.എമ്മിലുമുണ്ട്. കോൺഗ്രസ് നേതാക്കൾ പാണക്കാട്ട് പോയതിൽ തെറ്റില്ലെന്ന് വിജയരാഘവൻ പറഞ്ഞത് മാദ്ധ്യമങ്ങൾ ഒഴിവാക്കി, ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നാണ് വിലയിരുത്തൽ. തീവ്ര വർഗ്ഗീയ കൂട്ടുകെട്ട് തുറന്നുകാട്ടുന്നതിന്റെ ഭാഗമായി നടത്തിയ വിമർശനമെന്നതിൽ കവിഞ്ഞൊരു പ്രാധാന്യം

ഇതിലില്ലെന്നാണ് വിലയിരുത്തലെങ്കിലും, പാണക്കാടിനെച്ചൊല്ലി വിവാദത്തിന് വിത്തുപാകുന്നത് നന്നല്ലെന്ന് സി.പി.എം കാണുന്നു. ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവയുമായുള്ള യു.ഡി.എഫിന്റെ അവിശുദ്ധ നീക്കവും, അതിന് ലീഗെടുക്കുന്ന മുൻകൈയും സജീവ ചർച്ചയാക്കാനാണ് സി.പി.എം നീക്കം. എന്നാൽ, പ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന അഭിപ്രായമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പൊതുവിലുണ്ടായത്.

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുസ്ലിംലീഗിനെ പേരെടുത്ത് പറയാൻ വിജയരാഘവൻ തയാറായില്ല. അതേസമയം, ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വം, ജമാഅത്തെ ഇസ്ലാമിയുടെ തീവ്ര മുസ്ലിം മതമൗലികവാദം എന്നിവയുമായി യു.ഡി.എഫിന് ബാന്ധവമെന്ന ആക്ഷേപം അദ്ദേഹം ഉന്നയിച്ചു. വിജയരാഘവന്റെ പാണക്കാട് പരാമർശത്തെ അതേപടി ശരിവയ്ക്കാതെ, കരുതലോടെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചതും.