തിരുവനന്തപുരം: ശമ്പള പരിഷ്കരണം മൂലമുള്ള അധിക ബാദ്ധ്യത നേരിടാൻ, ഈ വർഷം വിരമിക്കേണ്ട 20,000 ഓളം ജീവനക്കാരുടെ സർവീസ് ഒരു വർഷത്തേക്കു നീട്ടാനുള്ള കമ്മിഷൻ ശുപാർശ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കാനിടയില്ല.
ഇത് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക നിർദ്ദേശമാണെന്നാണ് കമ്മിഷന്റെ വിശദീകരണം. 20,000 പേരുടെ സർവീസ് ഒരു വർഷം നീട്ടുമ്പോൾ ഇവർ റിട്ടയർ ചെയ്യുമ്പോഴുണ്ടാകുന്ന തസ്തികകളിലേക്ക് നിയമനം നടക്കില്ല. പുതുതായി സർവീസിൽ ചേരുന്നവർക്ക് അടിസ്ഥാന ശമ്പളം മതിയെങ്കിൽ, ഇവർക്ക് കൂടുതൽ ശമ്പളം നൽകേണ്ടിവരും. എന്നാൽ പിരിയുന്നവർക്ക് നൽകുന്ന ലീവ് സറണ്ടർ, ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ ഇനത്തിലുള്ള 5700 കോടി തത്കാലം ഒഴിവാക്കാം.
വരുമാനത്തിന്റെ 62 %
ശമ്പളത്തിനും പലിശയ്ക്കും
പുതിയ പരിഷ്കരണത്തോടെ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 62.14 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കാണ്. 2019-20 ൽ ഇത് 66.8 ശതമാനമായിരുന്നു; 20- 21 ൽ 57.7 ശതമാനവും. പുതിയ നിർദ്ദേശ പ്രകാരം 4810 കോടിയാണ് അധികച്ചെലവ്. പുതിയ ബഡ്ജറ്റ് പ്രകാരം റവന്യൂ വരുമാനം 1.28375 കോടി.
സർക്കാർ ജീവനക്കാർ
5,21, 231 പേർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും എണ്ണം 5,21,231. ഇതിൽ 3,82,000 പേർ സർക്കാർ ജീവനക്കാരും 1,39,000 പേർ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരും, 23,000 പേർ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ്
. സർക്കാർ ജീവനക്കാരിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ 2,43,707 വരും. ആരോഗ്യ മേഖലയിൽ63,553 പേരും. പൊലീസുകാർ 61279 പേരും. പെൻഷൻ കാരുടെ എണ്ണം 5,11,085 ആണ്.
കുട്ടികളെ നോക്കാൻ
ഒരു വർഷത്തെ അവധി
തിരുവനന്തപുരം : മൂന്ന് വയസ് വരെയുള്ള കുട്ടികളെ പരിചരിക്കാൻ അമ്മമാർക്ക് 365 ദിവസത്തേക്ക് 40 ശതമാനം ആനുകൂല്യത്തോടെ അവധി അനുവദിക്കണമെന്നാണ് ശമ്പള കമ്മിഷന്റെ ശുപാർശ. കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാനും ഒരു വർഷം 40 ശതമാനം ശമ്പള,ആനുകൂല്യങ്ങളോടെ അവധി അനുവദിക്കാം.