thachankari

തിരുവനന്തപുരം: വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003 - 2007 കാലത്ത് 65.70 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. 2007ൽ തൃശൂർ സ്വദേശി പി.ഡി. ജോസഫാണ് പരാതി നൽകിയത്. തന്റെ ഭാഗം കേൾക്കാനോ രേഖകൾ പരിശോധിക്കാനോ തയാറായില്ലെന്നുകാട്ടി തച്ചങ്കരി നൽകിയ അപേക്ഷ പരിഗണിച്ചാണ് വിജിലൻസിലെ പ്രത്യേകസംഘത്തോട് തുടരന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. അഡ്വേക്കേ​റ്റ് ജനറലിന്റെ ഉപേദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

തച്ചങ്കരിയുടെ ആവശ്യപ്രകാരം കേസ് നേരത്തേ കോട്ടയം കോടതിയിലേക്ക് മാറ്റിയിരുന്നു. ലോക്നാഥ് ബെഹ്റ വിരമിക്കുമ്പോൾ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിലൊരാളാണ് തച്ചങ്കരി. തുടരന്വേഷണം നടത്താനുള്ള തീരുമാനം പുതിയ അന്വേഷണ സംഘം കോടതിയെ അറിയിക്കും.