1

നെയ്യാറ്റിൻകര: ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതിന് നിയന്ത്രണങ്ങളില്ലാത്തതിനാൽ നെയ്യാറ്റിൻകര കോടതി റോഡിലെ ജലവിതരണ വകുപ്പിന്റെ പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. നിലവിൽ കോടതി റോഡിലെ എക്സൈസ് ഓഫീസന് മുന്നിലെ കുടിവെള്ള പൈപ്പാണ് തകർന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇതിലൂടെ പാഴായത് പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണെന്ന് പ്രദേശവാസികൾ പറയുന്നു. അമരവിള രാമേശ്വരം വഴി ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നതാണ് പൈപ്പ്ലൈൻ പൊട്ടാൻ കാരണം. കഴിഞ്ഞ പത്ത് വ‌ർഷത്തിന് മുമ്പ് പൈപ്പ്ലൈൻ തകരുന്നത് പതിവായതിനെ തുടർന്ന് ലോകായുക്ത കോടതി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര തടഞ്ഞിരുന്നു. നിലവിൽ ഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ അധികൃതർ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

അമരവിള ജംഗ്ഷൻ മുതൽ നെയ്യാറ്റിൻകര എക്സൈസ് ഓഫീസ് പരിസരം വരെയുള്ള റോഡ് സ്ഥിതിചെയ്യുന്നത് മുൻപ് ചതുപ്പായിരുന്ന പ്രദേശത്താണ്. വർഷങ്ങൾക്ക് മുൻപ് വയലുകൾ ഉണ്ടായിരുന്ന പ്രദേശത്താണ് പിന്നീട് റോഡ് നിർമ്മിച്ചത്. വയൽ നികത്തിയുള്ള റോഡായതിനാലാണ് അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാറും പൈപ്പ്ലൈനുകളും പൊട്ടുന്നത് പതിവാകുന്നത്. ഇതുവഴി കടന്നു വരുന്ന ഭാരം കയറ്റിയ വാഹനങ്ങളെ തടയാൻ ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും തയ്യാറാകണമെന്നുള്ള നാട്ടുകരുടെ ആവശ്യം ശക്തമായിട്ടുണ്ട്.

 ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും

ആദ്യഘട്ടത്തിൽ പൊലീസും ചെക്ക്പോസ്റ്റ് അധികൃതരും ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര തടഞ്ഞിരുന്നെങ്കിലും പിന്നീടുള്ള പരിശോധന അത്രകണ്ട് കാര്യക്ഷമമായില്ല. ഇത്തരത്തിലുള്ള വാഹനങ്ങളെ തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം കടത്തിക്കൊണ്ടുപോയെന്നാണ് നാട്ടുകാർ പറയുന്നത്. ബാരിക്കേഡുകൾ മാറിയതോടെ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളും ഇതുവഴി സുഗമമായി കടന്നുപോകാൻ തുടങ്ങി.

 കഴിഞ്ഞ പത്ത് വ‌ർഷത്തിന് മുമ്പ് ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങൾ

സഞ്ചരിക്കുന്നത് ലോകായുക്ത കോടതി തടഞ്ഞിരുന്നു.

 കഴിഞ്ഞ ആറ് മാസത്തിനിടെ അമരവിള മുതൽ കോടതി നട വരെ

നിരവധി ഇടങ്ങളിലാണ് പൈപ്പ് ലൈനുകൾ തകർന്നത്.

 പൈപ്പ്ലൈൻ തകരുന്നതിലൂടെ വാട്ടർ അതോറിട്ടിക്ക്

ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്