സംഭവം അയിരൂർ ചാരുംകുഴി കോളനിയിൽ
വർക്കല: അയിരൂർ ചാരുംകുഴി കോളനിയിൽ വീടാക്രമിക്കാനെത്തിയ നാലംഗ സംഘത്തിൽപ്പെട്ട യുവാവ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ചാരുംകുഴി ചരുവിള വീട്ടിൽ കണ്ണൻ എന്ന രാജുവാണ് (31) കൊല്ലപ്പെട്ടത്. സംഭവത്തിൽ ചാരുംകുഴി തേവാനം കൃഷ്ണ ഭവനിൽ സന്തോഷ് (33), തിട്ടയിൽ ചരുവിള വീട്ടിൽ കുഞ്ഞുമോൻ (45) എന്നിവരെയും വീടാക്രമിച്ച കേസിൽ ചാരുംകുഴി പാറയിൽ വീട്ടിൽ വിനീത് (26), തേവാനം മിഥുൻ നിവാസിൽ മിഥുൻ (28) എന്നിവരെയും അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത യുവാവും ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി 12.45നായിരുന്നു സംഭവം.
പൊലീസ് പറയുന്നതിങ്ങനെ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജീവന്റെ സംഘാംഗമായിരുന്നു രാജു. വർഷങ്ങൾക്ക് മുമ്പ് അയിരൂരിൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ രാജീവിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് സന്തോഷ് പൊലീസിനെ സഹായിച്ചെന്നാരോപിച്ച് രാജീവിന്റെ സംഘാംഗങ്ങളുമായി പലപ്പോഴും വാക്കേറ്റവുമുണ്ടായി.
വ്യാഴാഴ്ച വൈകിട്ട് സന്തോഷും സുഹൃത്തും ബൈക്കിൽ വരുന്നതിനിടെ രാജീവിന്റെ സംഘത്തിലെ ചിലർ ചീത്ത വിളിച്ചിരുന്നു. തുടർന്ന് ചീത്ത വിളിച്ച യുവാവിനെ സന്തോഷും ഒപ്പമുണ്ടായിരുന്ന ആളും താക്കീത് ചെയ്തു. ഇതിന് പകരം ചോദിക്കാനാണ് രാജുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം അർദ്ധരാത്രി കഴിഞ്ഞ് സന്തോഷിന്റെ തേവനാത്തുള്ള വീട്ടിലെത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം സന്തോഷിന്റെ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചെന്നും പരാതിയുണ്ട്. നിലവിളി കേട്ട് അയൽവാസിയായ കുഞ്ഞുമോൻ ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ രാജുവും സംഘവും ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്കടിയേറ്റ കുഞ്ഞുമോൻ വീട്ടിൽ നിന്ന് കത്തിയുമായെത്തി രാജുവിനെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. രാജുവിന്റെ മുതുകത്തും കൈയ്ക്കുമാണ് കുത്തേറ്റത്. ഇതിനിടെ സന്തോഷ് വിറക് കൊള്ളിയും കമ്പിയും കൊണ്ട് രാജുവിന്റെ തലയ്ക്കടിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബോധരഹിതനായ രാജുവിനെ പൊലീസെത്തി വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനായ രാജു കൂലിപ്പണിക്കാരനാണ്. പിതാവ്: കൊച്ചു ചെറുക്കൻ, മാതാവ്: കുഞ്ഞി.