തിരുവനന്തപുരം: ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കൊച്ചുള്ളൂർ സ്വദേശിയും 12-ാം ക്ലാസ് വിദ്യാർത്ഥിയുമായ അക്ഷയ് ബിജു പൊലീസിനെ സമീപിക്കാനൊരുങ്ങുന്നു. ഇന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്രേഷനിലെത്തി പരാതി നൽകാനാണ് അക്ഷയ്യുടെ തീരുമാനം. പഠനത്തിനൊപ്പം കേക്ക് നിർമ്മാണവും വില്പനയും നടത്തുകയാണ് അക്ഷയ്. ഏതാനും ദിവസം മുമ്പാണ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി വികാസ് പട്ടേൽ എന്നയാളുടെ ഫോൺകാൾ എത്തുന്നത്. ഓർഡർ നൽകിയത് എട്ടു കിലോ തൂക്കമുള്ള കേക്ക്, തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു ഡെലിവറി ടൈം. ആർമിയുടെ വാഹനം പാങ്ങോട് മിലിട്ടിറി ക്യാമ്പിൽ നിന്നെത്തുമെന്നായിരുന്നു അറിയിപ്പ്. ഒരുപാട് നേരം കാത്തിരുന്നിട്ടും ആരെയും കാണാത്തതോടെ ക്യാമ്പിലെത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലായത്. ഇങ്ങനൊരാൾ ക്യാമ്പിലില്ലെന്ന് ആർമി ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറഞ്ഞു. വികാസ് പട്ടേൽ എന്ന് പരിചയപ്പെടുത്തിയ ആൾ ഇന്ത്യൻ ആർമിയുടെ ഐ.ഡി കാർഡിന്റെ പകർപ്പും വാട്സാപ്പിൽ അയച്ചുനൽകിയിരുന്നു. ഈ വിവരങ്ങളെല്ലാം ചേർത്താകും പരാതി നൽകുക. കഴിഞ്ഞ ദിവസം സമാനരീതിയിൽ പോത്തൻകോട്ട് തട്ടിപ്പിന് ശ്രമം നടന്നിരുന്നു.