dronar

"അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്താൽ/ കുംഭിത്തടിയനെയിന്നു വധിക്കാം..." എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ ചിന്തിക്കുന്ന കശ്മലന്മാരല്ല സി.ബി.ഐ എന്ന് സി.ബി.ഐക്കാർ സ്വയം പറയുന്നു. ഇരട്ടച്ചങ്കൊക്കെയുണ്ട് എങ്കിൽപോലും പ്രത്യേക ജനുസായത് കൊണ്ട് (ഇക്കാര്യം പിണറായിസഖാവ് തന്നെ നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുള്ളതാണ്, 'ഇതൊരു പ്രത്യേക ജനുസാ!' എന്ന് !) മഹാസാധു പിണറായി സഖാവും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല എന്ന് അദ്ദേഹത്തെ അടുത്ത് നിന്ന് നിരീക്ഷിച്ചുവരാറുള്ള ബുദ്ധിജീവികളും സാക്ഷ്യപ്പെടുത്തുന്നു.

കശ്മലന്മാർ നാട്ടിൽ ഇല്ലാതില്ല. അവർ അതും ചിന്തിക്കും, അതിലപ്പുറവും ചിന്തിക്കും. ക്രൂരമാണ് അവരുടെ മനസും മസ്തിഷ്കവും. അവർക്ക് പുതുപ്പള്ളി ഗാന്ധി ഉമ്മൻ ചാണ്ടിജിയാണെന്നോ ചോമ്പാല ഗാന്ധി മുല്ലപ്പള്ളിജിയാണെന്നോ ഹരിപ്പാടിന്റെ ഒാമനപ്പുത്രൻ ചെന്നിത്തലാജിയാണെന്നോ നോട്ടമുണ്ടാവാറില്ല. അങ്ങേയറ്റം ക്രൂരമായി പെരുമാറിക്കളയും. അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്യുക മാത്രമല്ല, ചട്ടുകം ചുട്ടുപഴുപ്പിച്ച് ചന്തിക്ക് വച്ച് കൊടുക്കാൻ പോലും അക്കൂട്ടർ മടിക്കില്ല.

ഈ ക്രൂരകശ്മലന്മാർ സി.ബി.ഐക്കാരാണെന്ന് പറയുന്നവരുണ്ട്, അല്ലെന്ന് പറയുന്നവരുമുണ്ട്. സി.ബി.ഐക്കാർ പക്ഷേ തങ്ങൾ അത്തരക്കാരല്ലെന്ന് തറപ്പിച്ച് പറയുമ്പോൾ അത് വേണമല്ലോ മുഖവിലയ്ക്കെടുക്കാൻ.

സോളാർ കേസ് സി.ബി.ഐയോട് ഏറ്റെടുത്തോളൂ എന്ന് പിണറായി സഖാവ് പറഞ്ഞത് ആ ഇരട്ടച്ചങ്കിനകത്ത് കുടികൊള്ളുന്ന വിശാലമായ ഹൃദയം ഒന്നുകൊണ്ടു മാത്രമായിരുന്നു. പോരാത്തതിന് കശ്മലന്മാരല്ല സി.ബി.ഐ എന്നും അദ്ദേഹം വിശ്വസിക്കുന്നു. സി.ബി.ഐക്കാർ തന്നെ പറഞ്ഞത് മുഖവിലയ്ക്കെടുത്ത് കൊണ്ടാണ് അദ്ദേഹം അവരെ വിശ്വസിച്ചുപോന്നത്. പിണറായി സഖാവിന്റെ അകക്കാമ്പിലാകെ കന്മഷമാണ് എന്നൊക്കെ ഉമ്മൻ ചാണ്ടിജിക്ക് ചിലപ്പോൾ തോന്നുന്നുണ്ടാവാം. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ തന്നെ അത് നോക്കുന്നയാളിന്റെ കുഴപ്പമാണ്.

സി.ബി.ഐക്കാർ ഇവിടെക്കിടന്ന് വല്ലാതെ കഷ്ടപ്പെടുന്നത് പിണറായി സഖാവ് കുറേ നാളായി കാണുന്നു. എത്രനാൾ എന്നുവച്ചാണ് കഷ്ടപ്പെടുക! ആരും കഷ്ടപ്പെടാതെ ജീവിക്കുന്ന റിപ്പബ്ലിക് മാത്രം സ്വപ്നംകണ്ട് നീങ്ങുന്ന പിണറായി സഖാവിന് ഈ കഷ്ടപ്പാട് സഹിക്കാവുന്നതിലുമപ്പുറമാണ്. ഇപ്പോഴാകട്ടെ, പെരിയ ഇരട്ടക്കൊല, വടക്കാഞ്ചേരി ലൈഫ് മിഷൻ, നാസായിലെ വെള്ളപ്പൊക്കം, ചൊവ്വയിലെ കാട്ടുതീ എന്നെല്ലാം പറഞ്ഞ് ഭൂഖണ്ഡത്തിലെ മാത്രമല്ല, അന്യഗ്രഹങ്ങളിലെ കേസുകൾ വരെ ഒപ്പിച്ചെടുത്താൽ ഒരു വിധം കഞ്ഞികുടിച്ച് കഴിയാമെന്നാണവർ സ്വപ്നം കാണുന്നത്. പാവങ്ങളല്ലേ, അവരുടെ വയറ്റുപ്പിഴപ്പാണല്ലോ എന്ന് കരുതി അതെല്ലാമങ്ങ് ഏല്പിച്ച് കൊടുക്കാനാവുമോ? ചൊവ്വയിലെ കാട്ടുതീക്ക് കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയാണെന്ന് പറയുന്ന കാലമായത് കൊണ്ട് പിണറായി സഖാവ് വളരെ സൂക്ഷിച്ചേ പാവങ്ങളാണെങ്കിൽ പോലും സി.ബി.ഐക്കാരോടും ഇടപെടാറുള്ളൂ. അത് സി.ബി.ഐക്കാരെ തെറ്റിദ്ധരിച്ചിട്ടല്ല.

സാധുക്കളായ സി.ബി.ഐക്കാരുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞാണ്, സോളാറെങ്കിൽ സോളാർ എന്നും പറഞ്ഞ് പിണറായി സഖാവ് അവരോട് അതേറ്റെടുക്കാനാവശ്യപ്പെട്ടത്. നിങ്ങൾക്ക് ഒരു കേസല്ലേ വേണ്ടത്, സി.ബി.ഐക്കാരാ, ഇന്നാ പിടിച്ചോ! എന്ന് ആ ഘട്ടത്തിൽ പിണറായി സഖാവ് പറഞ്ഞിരുന്നു. അതവർ കേട്ടുവോ എന്നറിയില്ല. സോളാർ കേസ് കൊടുത്തിട്ടുണ്ടെങ്കിലും സി.ബി.ഐക്കാർ അതേറ്റെടുത്തിട്ടില്ല. ഒരു പക്ഷേ ഏറ്റെടുത്തേക്കാം, ഏറ്റെടുക്കില്ലായിരിക്കാം.

സി.ബി.ഐക്കാർ ഏറ്റെടുത്താൽ, സേതുരാമയ്യർ മോഡലിലുള്ള ഡമ്മി പരീക്ഷണം തൊട്ടുള്ളതിന് നിന്ന് കൊടുക്കേണ്ടി വരുമല്ലോയെന്ന തോന്നലാണ് വാസ്തവം പറഞ്ഞാൽ കേസിവേണുഗോപാൽജിയും ഹൈബി ഈഡൻജിയും തൊട്ട് ഉമ്മൻ ചാണ്ടിജി വരെയുള്ളവരെ അലട്ടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സി.ബി.ഐക്ക് അതെറിഞ്ഞ് കൊടുത്ത പിണറായി സഖാവ് ആളൊരു കശ്മലബുദ്ധിയാണല്ലോ എന്നവർ ചിന്തിച്ചുപോയതും! പിണറായി സഖാവിനെ സത്യത്തിൽ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അങ്ങനെ ചിന്തിക്കില്ലായിരുന്നുവെന്നത് വേറെ കാര്യം. മഹാസാധുക്കളും കശ്മലബുദ്ധികളല്ലാത്തവരുമായ സി.ബി.ഐക്കാർക്ക്, അവരുടെ കഷ്ടപ്പാടുകൾ ഓർത്തിട്ട് മാത്രം സോളാർ കേസ് ഏല്പിച്ചു കൊടുത്തിട്ടുണ്ടെങ്കിൽ അതിന് പിണറായി സഖാവിനെ ശരിക്കും അഭിനന്ദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.



തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ ഏറ്റവുമധികം കണ്ടുവരാറുള്ള സഞ്ചാരിയാര് ? എന്ന ചോദ്യം പി.എസ്.സി പരീക്ഷയിൽ പൊതുവിജ്ഞാന സിലബസിൽ ഉൾപ്പെടുത്താവുന്നതാണ്. ശരിയുത്തരം സി.ബി.ഐ ആണെന്നാണ് പി.എസ്.സി ഉദ്യോഗാർത്ഥികൾ ഒന്നടങ്കം പറയുന്നത്. സാഹചര്യത്തെളിവുകൾ അവർ നിരത്തുന്നുണ്ട്.

2006ലെ തിരഞ്ഞെടുപ്പ് കാലത്ത് ലാവലിൻ കേസെന്നും പറഞ്ഞാണ് സി.ബി.ഐയെ ടെലഗ്രാമടിച്ച് ഉമ്മൻ ചാണ്ടിജി വരുത്തിയതെങ്കിൽ 2021ലെത്തുമ്പോൾ സോളാറെന്നും പറഞ്ഞ് പിണറായി സഖാവ് സി.ബി.ഐക്ക് ട്വിറ്റർ അയച്ചു. കാലം മാറിയതിന്റെ നേരിയ വ്യത്യാസം മാത്രമേ സന്ദേശമയപ്പിലുണ്ടായിട്ടുള്ളൂ. കാര്യമൊക്കെ ഒന്നു തന്നെ.



- ശവി! ഉദ്ഘാടനമേ വേണ്ടായിരുന്നു എന്ന് ആലപ്പുഴ ബൈപ്പാസ് ഇപ്പോൾ ചിന്തിക്കുന്നുവത്രെ. അത്രയ്ക്ക് കടുംകൈ ആ ബൈപ്പാസ് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

"ഓടിയോടി തിമർക്കും, ഗതാഗത വാഹനവ്യൂഹം, ഭവതിതൻ മേനിയിൽ, മേൽമേൽ ഉരസി ഉരസി, രമിക്കവെ, ഭീതിയല്ലുത്സാഹമാണു, നിനക്കതു, രോമാഞ്ചമാണ്..." എന്നിങ്ങനെയെല്ലാം തന്നെക്കുറിച്ച് വർണിക്കുന്ന കവിതയുടെ പോക്ക് കണ്ടാൽ ഏത് ബൈപ്പാസിനാണ് കരച്ചിൽ വരാതിരിക്കുക! തെറ്റിദ്ധാരണ വേണ്ട. സന്തോഷാശ്രു ആണെന്ന് വിചാരിച്ചാൽ മതി. കവിമന്ത്രി ജി.സു പൊതുമരാമത്ത് മന്ത്രിയായാൽ ഒരു ബൈപ്പാസ് ഇതിലും കടുത്ത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ഇതിപ്പോ, ഇത്രയും കൊണ്ടവസാനിച്ചല്ലോയെന്ന് ആശ്വസിച്ചാൽ മതി. 'ശിരസിലെ കൊഞ്ചുഹൃദയ'ത്തിന് ശേഷം ജി.സു.സഖാവിന്റെ പുതിയ കവിത 'നാളെയുടെ സ്വപ്നങ്ങൾ' വായിക്കാനായി ആളുകൾ കൊവിഡ് മാനദണ്ഡം പോലും കാറ്റിൽ പറത്തിയാണ് തിക്കിത്തിരക്കുന്നതെന്നാണ് വിവരം.

ഇ-മെയിൽ: dronar.keralakaumudi@gmail.com