d

വെമ്പായം:പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി ജീവനക്കാരുടെ ജീവിതം വഴിമുട്ടിയ നിലയിൽ. സർക്കാർ സ്കൂളിലെ ജീവനക്കാരുടേതിനു സമാനമായ ആനുകൂല്യ പ്രഖ്യാപനം ഇക്കഴിഞ്ഞ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ എന്നാൽ അതും തെറ്റി.

കൊവിഡ് പിടിമുറുക്കിയ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് ഒരു രൂപയുടെ പോലും വരുമാനമില്ലാത്ത ഇവർ ജീവിതം വളരെ ബുദ്ധിമുട്ടിയാണ് തള്ളിനീക്കുന്നത്.

അതേസമയം 1988ൽ ആണ് സ്കൂളുകളിലെ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രീപ്രൈമറി തുടങ്ങാൻ സർക്കാർ അനുമതി കൊടുത്തത്. കുട്ടികളിൽ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കിയാണ് അദ്ധ്യാപകർക്കും ആയമാർക്കും നൽകിയിരുന്നത്. പിന്നീട് ഗവ. സ്കൂളിലെ അദ്ധ്യാപകർക്ക് 600 ഉം ആയമാർക്ക് 400 ഉം ഓണറേറിയമായി നൽകി. ഏറെക്കാലം ഈ രീതി തുടർന്നു. പിന്നീട് ജീവനക്കാർ ഓണറേറിയം കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും സർക്കാർ ഇതിൽ നിന്നും ഒഴിഞ്ഞു മാറിയെന്നാണ് ആക്ഷേപം.

 എയ്ഡഡ് മേഖലയെ തഴഞ്ഞു

ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അദ്ധ്യാപകർക്ക് 5000 രൂപയും ആയ മാർക്ക് 3500 രൂപയും നൽകാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയെങ്കിലും വിധി നടപ്പിലാക്കാൻ കോടതികൾ ഉത്തരവിടുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഈ തുക നൽകാൻ സർക്കാർ തയാറായെങ്കിലും എയ്ഡഡ് സ്കൂളുകളിൽ പ്രീ പ്രൈമറി തുടങ്ങാൻ അനുമതി നൽകിയിട്ടില്ല എന്ന കാരണം പറഞ്ഞ് എയ്ഡഡ് മേഖലയെ തഴയുകയായിരുന്നു. ഇപ്പോഴും എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്ക് കുട്ടികളിൽ നിന്ന് പിരിച്ചെടുക്കുന്ന നാമമാത്രമായ ഫീസാണ് ലഭിക്കുന്നത്. ഇതുതന്നെ ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ രൂപ ആയിരിക്കും.

 ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ

ഓരോ ബഡ്ജറ്റിലും സർക്കാർ സ്കൂളിലെ ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു നൽകി. നിലവിൽ ഗവ. സ്കൂൾ അധ്യാപകർക്ക് 11500 രൂപയും ആയമാർക്ക് 6500 രൂപയും ലഭിക്കുന്നുണ്ട്. ഈ കഴിഞ്ഞ ബഡ്ജറ്റിലും ഇവരുടെ വിഹിതം വർദ്ധിപ്പിച്ച് നൽകിയിട്ടുണ്ട്. സർക്കാർ സ്കൂളിലെ ജീവനക്കാർക്ക് സർക്കാർ നേരിട്ട് ആനുകൂല്യം നൽകുന്നതിനാൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എയ്ഡഡ് സ്കൂളിൽ ഫീസ് ഈടാക്കുകയും ചെയ്യുന്നു. തൊട്ടടുത്തുള്ള ഗവൺമെന്റ് സ്കൂളിലും എയ്ഡഡ് സ്കൂളിലും വ്യത്യസ്തമായ രീതി തുടരുന്നതിനാൽ എയ്ഡഡ്‌ സ്കൂളിലേക്ക് കുട്ടികൾ വരാൻ മടിക്കുന്നതായും ജീവനക്കാർ പറയുന്നു. ആനുകൂല്യ വിതരണത്തിൽ നിന്നും എയ്ഡഡ് ജീവനക്കാരെ തഴയുമ്പോഴും ഈ സ്കൂളിലെ കുട്ടികൾക്ക് ഗവ. സ്കൂളിലെ കുട്ടികൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് ഇവരുടെ വരുമാനം നിലച്ചെങ്കിലും കുട്ടികൾക്ക് ഓൺലൈൻ പഠനവും മറ്റും തുടർന്നു വരികയാണ്. എൽ. ഡി. എഫിന്റെ പ്രകടനപത്രികയിൽ എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്കും ആനുകൂല്യം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇനിയും ഇത് നടപ്പിലാക്കാത്തതിനാൽ ജീവനക്കാർ വളരെ നിരാശയിലാണ്. വരും ദിവസങ്ങളിലെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാർ.