manjampothy

കാഞ്ഞങ്ങാട്: കാഴ്ചയുടെ വിസ്മയം തീർക്കുന്ന മഞ്ഞപൊതികുന്ന് കൂടുതൽ മൊഞ്ചാകാൻ ഒരുങ്ങുന്നു. കുന്നിന്റെ നെറുകയിലെ വീരമാരുതി ക്ഷേത്രത്തിലേക്ക് ആനന്ദശ്രമത്തിൽ നിന്ന് 900 പടികളാണ് നിർമ്മിക്കുന്നത്. 1.30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾക്ക് അടുത്ത പൗർണ്ണമി ദിനമായ ഫെബ്രുവരി 26 ന് തുടങ്ങും. ഭക്തർക്ക് വിശ്രമ സൗകര്യങ്ങളോടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് ക്ഷേത്രത്തിന്റെ മുകളിലേക്ക് നടന്നു കയറാൻ 450 പടികളും ഇറങ്ങി വരാൻ 450 പടികളും പ്രത്യേകമായാണ് നിർമ്മിക്കുക. പടിയുടെ നടുവിലായി ചെറിയ അരുവികൾ ഒഴുക്കുന്ന രീതിയിലാണ് രൂപ കൽപ്പന ചെയ്തിട്ടുള്ളത്. രണ്ടര മീറ്ററാണ് പടിയുടെ നീളം. 18 പടികളുടെ ഗൂപ്പായിട്ടാണ് നിർമ്മാണം നടക്കുക.
ഇടയിൽ 12ഓളം കൂടാരങ്ങളും മുകളിൽ രണ്ട് ധ്യാന മണ്ഡപവും പ്രവേശന കവാടം ഇതിനായി ഒരുക്കും. മുകളിൽ വിശ്രമകേന്ദ്രവും ഉണ്ടാകും. പടി കയറുന്നതിനിടെ വിശ്രമിക്കാൻ ഇടയിൽ നിർമ്മിക്കുന്ന കൂടാരങ്ങളിൽ ഇരിപ്പിടവും കുടിക്കാൻ വെള്ളവും കിടക്കാൻ ബെഞ്ചും ഉണ്ടാകും. പൂർണ്ണമായും ഭക്തരുടെ സഹായത്തോടെയുള്ള നിർമ്മാണത്തിന് ചെങ്കല്ലായിരിക്കും ഉപയോഗിക്കുക. ഇതിനായി ഒരു ലക്ഷം ചെങ്കല്ലുകൾ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർക്കിടെക്ട് കെ. ദാമോദരനാണ് നിർമ്മാണത്തിന്റെ സ്‌കെച്ച് തയ്യാറാക്കിയത്. ഒരു വർഷം കൊണ്ട് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പടി നിർമ്മാണം പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര ഭൂപടത്തിൽ മറ്റൊരു നാഴികക്കല്ലാകും മഞ്ഞ പൊതിക്കുന്നും വീരമാരുതി ക്ഷേത്രവും.