ജനങ്ങളുമായി അടുപ്പമുള്ളവർ മത്സരിക്കണമെന്ന് രാഹുൽഗാന്ധി ആഹ്വാനം ചെയ്തതായി പത്രങ്ങളിൽ വായിച്ചു. അടുപ്പമുള്ളവർ ആയാൽ മാത്രം പോരാ അവർ രാജ്യസ്നേഹികളും സാമൂഹ്യപ്രതിബദ്ധതയുള്ളവരും സേവന തത്‌പരരും സത്യസന്ധരും എല്ലാ കാര്യങ്ങളിലും മാന്യത പുലർത്തുന്നവരുമൊക്കെ ആയിരിക്കണം. കൂട്ടത്തിൽ അറിവും കഴിവും വേണ്ടുവോളം ഉണ്ടായിരിക്കണം. ഇവർ ചേർന്നു രൂപീകരിക്കുന്ന ഗവൺമെന്റിനു മാത്രമേ രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ ദുഷ്‌പ്രവണതകൾ കുറയ്ക്കാനും ദൈവത്തിന്റെ ഈ സ്വന്തം നാടിനെ രക്ഷിക്കാനും കഴിയുകയുള്ളൂ. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥികളെ നിശ്ചയിക്കുമ്പോഴും പൗരന്മാർ വോട്ടുചെയ്യാൻ പോകുമ്പോഴും ഇക്കാര്യം ഓർക്കുന്നത് നന്നായിരിക്കും.
എം. ശിവദാസ്
ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌മെന്റ്
തിരുവനന്തപുരം
കാടടച്ച് ആക്ഷേപിക്കരുത്
കെ.എസ്.ആർ.ടി.സി.യെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മോശമായ പരമാർശങ്ങൾ പൂർണമായും ശരിയല്ല.
കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്ന ഷെഡ്യൂൾളുകളിലെ സിംഹഭാഗവും ജനതാത്പര്യം മുൻനിറുത്തിയുള്ളതാണ്. പ്രൈവറ്റ് ബസുകൾ പെർമിറ്റ് വാങ്ങാത്ത ഉൾപ്രദേശങ്ങളിലെ സാധാരണ ജനങ്ങളെ വിവിധ ആവശ്യങ്ങൾക്കായി പ്രധാനസ്ഥലങ്ങളിൽ കെ.എസ്.ആർ.സി. എത്തിച്ചുകൊണ്ടിരിക്കുന്നത് ലാഭം നോക്കിയില്ല. ജനങ്ങളുടെയും സർക്കാരിന്റെയും താത്‌പര്യം കണക്കിലെടുത്താണ്, മാനേജ്‌മെന്റ് മിക്കസർവീസുകൾക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ഇത് ഓപ്പറേറ്റ് ചെയ്യുന്ന ജോലി മാത്രമാണ് മീഡിൽ മാനേജ്‌മെന്റ് നിർവഹിക്കുന്നത്. ജനപ്രതിനിധികൾക്കും സർക്കാരിനും താത്‌പര്യമുള്ള സ്ഥലങ്ങളിൽ ബസ് സർവീസ് നടത്തുന്നതിൽ മിക്കതും നഷ്ടത്തിലാണ്. അവിടെ ലാഭമല്ല, ജനസേവനമാണ് മുന്നിൽ കാണുന്നത്. പ്രൈവറ്റ് ബസ് സർവ്വീസ് ഉള്ള റൂട്ടുകളിൽ പോലും രാത്രി എട്ട് മണിക്കുശേഷവും അതിരാവിലെയും അവർ സർവീസ് നടത്താറില്ല. ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ സർവീസ് ഏറ്റെടുക്കുന്നത് കെ.എസ്.ആർ.ടി.സി യാണ്.
ഇങ്ങനെ പൊതുജനതാത്‌പര്യം മുൻനിറുത്തി കെ.എസ്.ആർ.ടി.സി.യുടെ ഭൂരിഭാഗം സർവീസുകൾ ഓപ്പറേറ്റ് ചെയ്യുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കാനാകും? അതിനാൽ കാടടച്ച് ആക്ഷേപിക്കരുത്.
എം. ജോൺസൺ റോച്ച്
കെ.എസ്.ആർ.ടി.സി. പെൻഷണർ
അമ്പലത്തുമൂല