തിരുവനന്തപുരം: പാസഞ്ചർ, മെമു സർവീസുകൾ പുനഃരാരംഭിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിന് റെയിൽവേയുടെ 'ചുവപ്പ് കൊടി". കേരളത്തിൽ കൊവിഡ് രോഗികൾ കൂടുന്നത് കൊണ്ടാണ് സർവീസുകൾ തുടങ്ങാത്തതെന്നാണ് റെയിൽവേയുടെ വിശദീകരണം. പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് പുനഃരംഭിക്കണമെന്നാവശ്യപ്പെട്ട്
ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ജനുവരി 9 നും മന്ത്രി ജി. സുധാകരൻ 17നും റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.
ഇപ്പോൾ സ്‌പെഷ്യൽ സർവീസുകൾ മാത്രമാണുള്ളത്. പ്രതിദിന യാത്രക്കാരാണെങ്കിലും റിസർവ് ചെയ്‌താലേ യാത്ര ചെയ്യാനാകൂ. ഇത് തുച്ഛ മാസവരുമാനക്കാരെയും വിദ്യാർത്ഥികളെയും ഏറെ ബുദ്ധിമുട്ടിക്കുകയാണ്. തമിഴ്നാട്ടിലും കൊൽക്കത്തയിലും ഡിസംബറിൽ ലോക്കൽ (സബർബൻ) ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. ബംഗളൂരു - ഹൂബ്ലി മെമു ട്രെയിനുകളും ഓടുന്നു. മുംബയിൽ നാളെ മുതൽ ലോക്കൽ സർവീസ് ആരംഭിക്കും.
ലോക്ക് ഡൗണിനു ശേഷം സ്‌പെഷ്യലായി സർവീസുകൾ ആരംഭിച്ചപ്പോൾ 25 ശതമാനം യാത്രക്കാർ പോലുമില്ലായിരുന്നു. എന്നാലിപ്പോൾ മിക്കവാറും ട്രെയിനുകളിലും റിസർവേഷൻ ഫുള്ളാണ്. ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ ശ്രമിച്ചാലും സീറ്റില്ലാത്ത അവസ്ഥയും. വടക്കോട്ടുള്ള യാത്രയ്ക്ക് എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ് ആശ്വാസകരമാണെങ്കിലും തെക്കോട്ടേക്ക് ഹ്രസ്വദൂര വണ്ടികൾ കുറവാണ്.
പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ നിന്നെല്ലാം പ്രതിദിനം ശരാശരി 700 ടിക്കറ്റുകൾ റിസർവ് ചെയ്യാറുണ്ട്. ഇതിൽ ശരാശരി 500 ടിക്കറ്റുകൾ കേരളത്തിലെ യാത്രയ്‌ക്കായി പതിവുയാത്രക്കാർ ബുക്ക് ചെയ്യുന്നതാണ്.
രണ്ട് സ്പെഷ്യലുകൾ കൂടി
അതേസമയം സംസ്ഥാനത്ത് രണ്ട് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കാൻ റേയിൽവേ തീരുമാനിച്ചു. ഫെബ്രുവരി മൂന്നു മുതൽ ഗുരുവായൂർ- പുനലൂർ എക്സ്‌പ്രസ് ട്രെയിനും 11 മുതൽ നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്‌പ്രസുമാണ് സർവീസ് നടത്തുക.