dates

തിരുവനന്തപുരം:യു.എ.ഇ കോൺസുലേറ്റിന്റെ ഈന്തപ്പഴ ഇറക്കുമതിയെ പറ്റി ആറ് വിവരാവകാശ ചോദ്യങ്ങൾ ഉന്നയിച്ച് സർക്കാർ കസ്റ്റംസിന് അപേക്ഷ നൽകി. മന്ത്രി കെ.ടി.ജലീൽ, പ്രോട്ടോക്കോൾ ഓഫീസർമാർ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അസാധാരണ നടപടി.

സർക്കാരിന് വിവരാവകാശ അപേക്ഷ നൽകാനാവില്ല. ഇന്ത്യൻ പൗരന് ഔദ്യോഗിക വിലാസത്തിൽ അപേക്ഷിക്കാം. അതിനാലാണ് അഡിഷണൽ പ്രോട്ടോക്കോൾ ഓഫീസർ എ.പി രാജീവൻ 28ന് തിരുവനന്തപുരത്തെ കസ്​റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർക്ക് അപേക്ഷ നൽകിയത്.

ചോദ്യങ്ങൾ

1) കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പിൽ രണ്ടുവർഷത്തിനുള്ളിൽ എത്ര കേസുകളിൽ നിയമവ്യവഹാരം ആരംഭിച്ചു?

2)വിദേശമന്ത്റാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇറക്കുമതി തീരുവയിളവുള്ള വസ്തുക്കൾ അതിന് അനുസൃതമായി ഉപയോഗിക്കുന്നു എന്നുറപ്പാക്കാൻ കസ്റ്റംസിന്റെ നടപടിക്രമങ്ങൾ എന്തെല്ലാം ?

3)നയതന്ത്റ ഓഫീസുകൾ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്​റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ആർക്കാണ് ഉത്തരവാദിത്വം?

4) 2017മേയ് 9ന് ബിൽ നമ്പർ 9624365 പ്രകാരം ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിച്ചെങ്കിൽ അതിന് ആരാണ് ഡ്യൂട്ടി അടയ്‌ക്കേണ്ടത്?​

5)​ ഈ ബില്ലിലെ വസ്തുക്കളുടെ കാര്യത്തിൽ കസ്​റ്റംസ് നടപടികൾ ആരംഭിച്ചോ?

6)കേസിൽ കസ്​റ്റംസ് എത്ര പേർക്ക് സമൻസ് അയച്ചു?​ അവരുടെ പേര്,​ തസ്തിക, സംഘടന ?

 കസ്റ്റംസിന്റെ സാദ്ധ്യതകൾ

വിവരങ്ങൾ അന്വേഷണത്തെ ബാധിക്കുമെങ്കിൽ വിവരാവകാശ നിയമത്തിലെ 8 (1എച്ച്) വകുപ്പ് പ്രകാരം നൽകേണ്ടതില്ല. മനപൂർവ്വം കൊടുക്കാതിരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കണം. മറുപടിയിൽ തൃപ്തിയില്ലെങ്കിൽ കസ്റ്റംസിലെ അപ്പലേറ്റ് അതോറിട്ടിക്കും തുടർന്ന് കേന്ദ്ര ഇൻഫർമേഷൻ കമ്മിഷനും അപ്പീൽ നൽകാം.

ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ കസ്റ്റംസ് പ്രതിക്കൂട്ടിലാവും. അനധികൃത ഇറക്കുമതി തടയേണ്ടതാര് എന്ന ചോദ്യത്തിന് കസ്റ്റംസ് എന്ന് ഉത്തരം നൽകേണ്ടി വരും. മറുപടി അനുകൂലമായാൽ സർക്കാരിന് തിരഞ്ഞെടുപ്പ് ആയുധമാക്കാം.

സാദ്ധ്യതകൾ

 നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ വ്യാഖ്യാനം വിവരാവകാശ പരിധിയിൽ വരാത്തതിനാൽ പ്രോട്ടോക്കോൾ സംബന്ധിച്ച ചോദ്യത്തിന് വിവരാവകാശ നിയമത്തിലെ 2എഫ് ചട്ടപ്രകാരം മറുപടി നൽകേണ്ടതില്ല.

 ആർക്കൊക്കെ സമൻസ് അയച്ചെന്ന ചോദ്യത്തിന്,​ സമൻസ് വിവരങ്ങൾ പുറത്തറിഞ്ഞാൽ അന്വേഷണത്തെ ബാധിക്കുമെന്ന് നിലപാടെടുക്കാം.

 എത്ര കേസുകളിൽ നിയമവ്യവഹാരം ആരംഭിച്ചെന്ന ചോദ്യത്തിന് ഫയലുകൾ പരിശോധിക്കാമെന്ന് മറുപടി നൽകാം.

 ഈന്തപ്പഴ ഇറക്കുമതി

യു.എ.ഇ വാർഷികത്തിന് സാമൂഹ്യനീതി വകുപ്പിന്റെ സ്ഥാപനങ്ങൾക്കെന്ന പേരിലാണ് ഈന്തപ്പഴം ഇറക്കുമതി. എം.ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു വിതരണം. അനാഥാലയങ്ങളിലെയും സ്‌പെഷ്യൽ സ്കൂളുകളിലെയും 39,894 പേർക്ക് 250ഗ്രാം വീതം 9973.50 കിലോ ഈന്തപ്പഴമാണ് നൽകിയത്. മൂന്ന് വർഷങ്ങളിലായി നികുതിയിളവോടെ യു.എ.ഇയിൽ നിന്ന് എത്തിച്ച 17,000 കിലോ ഈന്തപ്പഴം പുറത്തു നൽകിയത് ചട്ടവിരുദ്ധമെന്ന് കസ്റ്റംസ്. സ്വപ്നയുടെ പരിചയക്കാർക്കും ഈന്തപ്പഴം നൽകി.