life-mission

തിരുവനന്തപുരം: ലൈഫ് കോഴക്കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തലവൻ ഡിവൈ.എസ്.പി അനിൽകുമാറിനെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. പകരക്കാരനെ നിയമിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുംമുൻപ്, സ്വന്തം ജില്ലക്കാരെയും മൂന്നു വർഷമായി ഒരേ പദവിയിലിരിക്കുന്നവരെയും മാറ്റണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് സർക്കാർ വിശദീകരണം.

ലൈഫ് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ വിജിലൻസ് അഞ്ചാം പ്രതിയാക്കിയിരുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ കൈക്കൂലിയാണെന്ന ഇ.ഡിയുടെ കണ്ടെത്തൽ വിജിലൻസ് ശരിവയ്ക്കുകയും ചെയ്തു. ശിവശങ്കർ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച ഫോണുകൾ ശാസ്ത്രീയപരിശോധന നടത്തിയതിന്റെ ഫലം അവലോകനം ചെയ്യാൻ അടുത്തയാഴ്ച സൈബർ വിദഗ്ദ്ധനെ എത്തിക്കാനുള്ള നീക്കത്തിനിടെയാണ് ഡിവൈ.എസ്.പിയെ മാറ്റിയത്. ഫ്ളാ​റ്റ് സമുച്ചയത്തിൽ ബലപരിശോധന നടത്തിയതിന്റെ റിപ്പോർട്ട് അടുത്തയാഴ്ച കുസാ​റ്റിൽ നിന്ന് ലഭിക്കാനിരിക്കുകയുമാണ്. ലൈഫ് മിഷനിൽ നിന്നും സെക്രട്ടേറിയറ്റിലെ തദ്ദേശ വകുപ്പിൽ നിന്നും പദ്ധതിയുടെ ഫയലുകൾ പിടിച്ചെടുത്തത് അനിൽകുമാറിന്റെ നേതൃത്വത്തിലാണ്.

ശിവശങ്കർ, സ്വപ്ന, സന്ദീപ് എന്നിവരുടെ വാട്സ്ആപ്പ് ചാ​റ്റുകൾ പരിശോധിക്കാനും വിജിലൻസ് നടപടി തുടങ്ങിയിരുന്നു. കേന്ദ്ര ഏജൻസികൾ ശേഖരിച്ച ചാ​റ്റുകൾ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചിരിക്കയാണ്.