സംസ്ഥാനത്ത് അഞ്ചുവർഷത്തിലൊരിക്കൽ ഒരു മുടക്കവുമില്ലാതെ നടക്കുന്നത് തിരഞ്ഞെടുപ്പുകളും സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമാണ്. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളം പുതുക്കുന്ന അപൂർവ സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേന്ദ്രവും ഒട്ടുമിക്ക സംസ്ഥാനങ്ങളും പത്തുവർഷം കൂടുമ്പോഴാണ് അതിനു മുതിരുന്നത്. എന്നാൽ ഇവിടെ വോട്ടുബാങ്കുമായി ബന്ധപ്പെട്ടതിനാൽ എത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ശമ്പള പരിഷ്കരണം മുടങ്ങാറില്ല. തുടർച്ചയായി രണ്ടു പ്രളയങ്ങളുടെയും ഇനിയും മെരുങ്ങാത്ത കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ചയുടെയും ഒത്ത നടുവിലായിട്ടും യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ശമ്പളപരിഷ്കരണം നടപ്പാക്കാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വരുന്നതിനു മുൻപുതന്നെ ശമ്പള കമ്മിഷനോട് റിപ്പോർട്ട് എഴുതി വാങ്ങാൻ സർക്കാർ നിർബന്ധബുദ്ധി തന്നെ കാണിച്ചു. 2019 ജൂലായ് ഒന്നു മുതൽ പ്രാബല്യം നൽകിയായിരിക്കും പരിഷ്കരിച്ച ശമ്പളം നൽകുക. രണ്ടുവർഷത്തെ കുടിശിക പതിവുപോലെ പി.എഫിൽ നിക്ഷേപിക്കും. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്കിൽ ശമ്പളം നൽകാനാണ് ശുപാർശ. കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികൾക്ക് ഇനി കേവലം സാങ്കേതിക സ്വഭാവമേ ശേഷിക്കുന്നുള്ളൂ. ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപക്ഷ യൂണിയനുകളിൽ ചിലത് പതിവിൻ പടി അതൃപ്തിയും നീരസവുമൊക്കെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൊതുവേ സ്വീകാര്യതയുള്ള നിർദ്ദേശങ്ങളാണ് കമ്മിഷൻ മുന്നോട്ടുവച്ചിട്ടുള്ളതെന്നു കാണാം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ശമ്പളം എത്ര കൂട്ടിക്കിട്ടിയാലും ചെലവുകൾ നേരിടാൻ അതു മതിയാകാതെ വരുന്ന അവസ്ഥയാണ് പൊതുവേയുള്ളത്. അതിനാൽ ശമ്പള കമ്മിഷൻ ശുപാർശകളെ പൂർണ തൃപ്തിയോടെ ഉൾക്കൊള്ളാൻ പലരും തയ്യാറായില്ലെന്നു വരും. സ്വാഭാവികവുമാണത്.
എല്ലാ വിഭാഗം ജീവനക്കാർക്കും നിലവിൽ വാങ്ങുന്ന ശമ്പളത്തിൽ പത്തു ശതമാനം വർദ്ധന വരുന്ന ശുപാർശയാണ് ശമ്പള കമ്മിഷൻ റിപ്പോർട്ടിലുള്ളത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 16500 രൂപയിൽ നിന്ന് 23000 രൂപയായി ഉയരും. അതുപോലെ കൂടിയ ശമ്പളം 1.26 ലക്ഷം രൂപയിൽ നിന്ന് 1,66, 800 രൂപയാകും. കുറഞ്ഞ പെൻഷൻ 11500 രൂപയായും പരമാവധി പെൻഷൻ 83400 രൂപയുമായാണ് പരിഷ്കരിച്ചിട്ടുള്ളത്. ഈ പരിഷ്കാരത്തിൽ ഉൾപ്പെടാതെ പോയ വിവിധ വിഭാഗം ജീവനക്കാരുടെ വേതന പരിഷ്കരണം പിന്നാലെ നടക്കും. കുറഞ്ഞ ഇൻക്രിമെന്റ് 700 രൂപയും കൂടിയത് 3400 രൂപയുമാകുന്നത് എല്ലാ വിഭാഗം ജീവനക്കാർക്കും നേട്ടമാകും. വീട്ടുവാടക അലവൻസ് ഇതുവരെ നിശ്ചിത തുകയായിരുന്നുവെങ്കിൽ ഇനി ശമ്പളത്തിന്റെ നിശ്ചിത ശതമാനമെന്ന തോതിലാകും. ഏറ്റവും കുറഞ്ഞത് 1200 രൂപയും കൂടിയത് 10000 രൂപയുമാകും വീട്ടുവാടക അലവൻസ്. ഫിറ്റ്മെന്റ് ആനുകൂല്യം 10 ശതമാനമായാണ് കമ്മിഷന്റെ ശുപാർശ. വെയിറ്റേജ് ഏർപ്പാട് ഉപേക്ഷിച്ചിട്ടുമുണ്ട്. എൺപതുവയസുകഴിഞ്ഞവർക്ക് പെൻഷനിൽ 1000 രൂപയുടെ പ്രത്യേക വർദ്ധന, രോഗികളായ മാതാപിതാക്കളെ നോക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് 40 ശതമാനം വേതനത്തോടുകൂടി ഒരു വർഷത്തെ അവധി, ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭർത്താക്കന്മാർക്ക് ഇപ്പോഴുള്ള 10 ദിവസം അവധി 15 ദിവസമായി വർദ്ധിപ്പിക്കൽ, തഹസിൽദാർമാർക്ക് 1500 രൂപ പ്രത്യേക അലവൻസും പദവി ഉയർത്തലും നഴ്സിംഗ് വിഭാഗത്തിലുള്ളവർക്ക് ഉയർന്ന യൂണിഫോം അലവൻസ് തുടങ്ങി നിരവധി പുതിയ ആനുകൂല്യങ്ങൾ കൂടി അടങ്ങുന്നതാണ് ശമ്പള പരിഷ്കരണ റിപ്പോർട്ട്.
അടുത്ത ശമ്പള പരിഷ്കരണം 2026-ൽ മാത്രം മതി എന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. നിലവിലുള്ള രീതിയനുസരിച്ച് 2024 ആണ് അടുത്ത പരിഷ്കരണത്തിനുള്ള സമയക്രമം. അഞ്ചുവർഷത്തിലൊരിക്കലെ ശമ്പള പരിഷ്കരണം വഴി സർക്കാരിനു നേരിടുന്ന വർദ്ധിച്ച സാമ്പത്തിക ബാദ്ധ്യത കൂടി പരിഗണിച്ചാണ് കമ്മിഷന്റെ ശുപാർശ. പെൻഷൻ പ്രായം അറുപതാക്കണമെന്ന നിർദ്ദേശം കമ്മിഷൻ മുന്നോട്ടുവയ്ക്കാതിരുന്നത് സംസ്ഥാനത്തു നിലനിൽക്കുന്ന എതിർപ്പ് പരിഗണിച്ചാകണം. എന്നാലും ഇവിടെ മാത്രം ഇപ്പോഴും പെൻഷൻ പ്രായം ഉയരാതിരിക്കുന്നതിന് സാധൂകരണമൊന്നുമില്ല.
സർക്കാരിൽ നിന്ന് ജനങ്ങൾക്കു അവശ്യം ലഭിക്കേണ്ടതും പ്രതീക്ഷിക്കുന്നതുമായ സേവനങ്ങളുടെ കാര്യത്തിൽ ഉയർന്ന തോതിലുള്ള പരാതികൾ നിലനിൽക്കുകയാണ്. ശമ്പള വർദ്ധനയ്ക്കുള്ള ശുപാർശകൾക്കു പുറമെ ഭരണ നിർവഹണം എങ്ങനെയെല്ലാം കാര്യക്ഷമമാക്കാമെന്ന പ്രത്യേക ശുപാർശകളും കമ്മിഷൻ മുന്നോട്ടു വയ്ക്കുക പതിവാണ്. എന്നാൽ ഇക്കുറി ധൃതിപിടിച്ച് റിപ്പോർട്ട് തയ്യാറാക്കേണ്ടിവന്നതിനാൽ ഭരണപരിഷ്കാര ശുപാർശകൾ വഴിയേ സമർപ്പിക്കാനിരിക്കുകയാണ്. അഥവാ ഉടനെ തന്നെ അതു ലഭ്യമായാലും ശുപാർശകൾ പതിവുപോലെ കടലാസിൽ ശേഷിക്കുകയേ ഉള്ളൂ. പൗരാവകാശം ഏറക്കുറെ ഇപ്പോഴും കടലാസിലേ ഉള്ളൂ എന്നതാണ് പലരുടെയും അനുഭവം. കേവലം മണിക്കൂർകൊണ്ടോ ദിവസം കൊണ്ടോ നൽകാവുന്ന സേവനത്തിനായി ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടിവരുന്നത് പ്രതിബദ്ധതയുടെ കുറവുകൊണ്ടുതന്നെയാണ്. കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പുണ്ടാക്കാൻ മെഗാ അദാലത്തുകൾ തന്നെ സംഘടിപ്പിക്കേണ്ടിവരുന്നു. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവർ പൗരസമൂഹത്തിന്റെ അവകാശങ്ങളും പ്രധാനപ്പെട്ടതാണെന്നു കരുതുന്നില്ല. സർക്കാർ ഓഫീസുകളിലെത്തുന്ന ഓരോ അപേക്ഷയുടെയും പിന്നിൽ ഓരോ ജീവിതമുണ്ടെന്ന് ഭരണകർത്താക്കൾ അനുസ്മരിപ്പിക്കാറുണ്ട്. അപേക്ഷകളിൽ എത്രയും വേഗം തീർപ്പുകല്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ളതാണ് ഇത്തരം ആഹ്വാനങ്ങൾ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അനുഭവം പലപ്പോഴും അനുകൂലമാകണമെന്നില്ല. ശമ്പളത്തിനും പെൻഷനുമായി റവന്യൂ വരുമാനത്തിന്റെ പകുതിയിലേറെ സർക്കാർ ചെലവിടുന്നു. കടമെടുത്ത പണത്തിന്റെ പലിശ കൂടി ചേർത്താൽ വരുമാനത്തിന്റെ 62 ശതമാനവും ഈ മൂന്നിനങ്ങൾക്കായിട്ടാണ് ചെലവിടുന്നത്. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കാൻ ഇപ്പോഴത്തെ നിലയിൽ 4810 കോടി രൂപയാണ് അധികം വേണ്ടിവരുന്നത്. ശമ്പളം നൽകാൻ തന്നെ ഓരോ മാസവും പുതിയ കടമെടുക്കേണ്ടിവരുന്ന സർക്കാരിന് ഇത് അധിക ബാദ്ധ്യത തന്നെയാണ്. അഞ്ചുവർഷത്തിനു പകരം കേന്ദ്രത്തിലേതുപോലെ പത്തുവർഷമാകുമ്പോൾ ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതിനെക്കുറിച്ച് സർക്കാരും ജീവനക്കാരുടെ സംഘടനകളും ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെക്കുറിച്ചും നിലനില്പിനെക്കുറിച്ചും ചിന്തിക്കുമ്പോൾ അത് ആവശ്യമാണെന്നു കാണാം.