oomenchandy

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ട സമിതി അദ്ധ്യക്ഷനുമായ ഉമ്മൻ ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാൻ നീക്കമെന്ന അഭ്യൂഹം ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനു തൊട്ടുപിന്നാലെ, പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് തുറന്നുപറഞ്ഞ് അദ്ദേഹം രംഗത്ത് എത്തി.

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ലെന്നും പ്രഖ്യാപിച്ചതോടെ എല്ലാ അഭ്യൂഹങ്ങളും നിലച്ചു.

പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങുംമുമ്പേ താനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിയെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലൊന്നിൽ മത്സരിപ്പിക്കാൻ നീക്കമെന്നായിരുന്നു പ്രചാരണം. അമ്പത് വർഷമായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കുമെന്നും വാർത്ത വന്നു. ഇതോടെയാണ് നിഷേധിച്ച് ഉമ്മൻചാണ്ടി വാർത്താക്കുറിപ്പ് ഇറക്കിയത്.

അതേസമയം, തലസ്ഥാനത്തെ മണ്ഡലങ്ങളിൽ ശ്രദ്ധേയ മുഖങ്ങളെ പരീക്ഷിക്കുമെന്നാണ് വിവരം. മുതിർന്ന നേതാവ് വി.എം. സുധീരന്റേതടക്കം പല പ്രമുഖരുടെയും പേരുകൾ ഉയർന്നുകേൾക്കുന്നു. ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ മുൻമേയർ വി.കെ.പ്രശാന്തിന്റെ ജനകീയപരിവേഷത്തെ നേരിടാൻ അതിന് പറ്റിയ നേതാക്കളെ ഇറക്കാനാണ് ശ്രമം. രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഒരു നയതന്ത്രജ്ഞന്റെ പേരടക്കം പ്രചരിക്കുന്നുണ്ട്. സുധീരന്റെ പേര് വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും പ്രചരിക്കുന്നു.