തിരുവനന്തപുരം: കേരള സർവകലാശാല ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മാർക്ക് തിരിമറി നടത്തി നൂറോളം പേരെ ജയിപ്പിച്ചതായി സൂചന. കഴിഞ്ഞവർഷവും ബി.എസ്സിക്ക് വ്യാപക മാർക്ക് തിരുത്തൽ നടന്നിരുന്നു. കമ്പ്യൂട്ടർ പാസ്വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ്.
ഒരു വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകിയത് കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസറെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ നൂറോളം വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയതായാണ് വിവരം. 2008ലെ വിവാദ അസിസ്റ്റന്റ് നിയമന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശിയാണിയാൾ. പ്രോ വൈസ്ചാൻസലർ ഡോ.പി.പി.അജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. കൂടുതൽ പേരുടെ മാർക്ക് തിരുത്തിയത് സവർവകലാശാല രഹസ്യമാക്കി വച്ചിരിക്കയാണ്.
കഴിഞ്ഞവർഷം ബി.എസ്സി പരീക്ഷയിൽ 380 വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകുകയും തോറ്റ 23 പേർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തത് വിവാദമായിരുന്നു. സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ അന്ന് തീരുമാനിച്ചെങ്കിലും ഇനിയും മടക്കിവാങ്ങിയിട്ടില്ല.
380 കുട്ടികളുടെ മോഡറേഷൻ തെറ്റായി രേഖപ്പെടുത്തിയത് കമ്പ്യൂട്ടർ പിശകാണെന്നായിരുന്നു സർവകലാശാലയുടെ കണ്ടെത്തൽ. വിശദാന്വേഷണത്തിന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും രേഖകളും ഫയലുകളും കൈമാറിയില്ല.
കാശ് വാങ്ങി ജയിപ്പിക്കാൻ ലോബി
തോറ്റവരെ മാർക്ക് തിരുത്തി ജയിപ്പിക്കാൻ വലിയ ലോബി പ്രവർത്തിക്കുന്നതായാണ് വിവരം. വിദ്യാർത്ഥികളിൽ നിന്ന് ഇതിനായി വൻതുക കൈപ്പറ്റും. പരീക്ഷാവിഭാഗത്തിലെ മറ്റു സെക്ഷനുകളിലും മാർക്ക് തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്.
തിരിമറി ഇങ്ങനെ
പരീക്ഷാ ടാബുലേഷൻ സോഫ്റ്റ്വെയറിലെ പഴുതുപയോഗിച്ചാണ് മാർക്ക് തിരിമറി നടത്തുന്നത്. മാന്വലായി മാർക്ക് ടാബുലേറ്റ് ചെയ്തിരുന്നപ്പോൾ വ്യത്യാസപ്പെടുത്തേണ്ട മാർക്ക് ഡെപ്യൂട്ടി രജിസ്ട്രാർ വരെ അംഗീകരിച്ച് ഒപ്പുവയ്ക്കണമായിരുന്നു. കമ്പ്യൂട്ടറിലായപ്പോൾ, മാർക്കിൽ മാറ്റം വരുത്താനുള്ള അധികാരം കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്കായി. പിന്നീട് സെക്ഷൻ ഓഫീസർക്കും അധികാരം നൽകിയതോടെ, സെക്ഷനിലെ മറ്റു ജീവനക്കാർക്കുൾപ്പെടെ ഓഫീസറുടെ രഹസ്യ സ്വഭാവമില്ലാത്ത പാസ്വേർഡുപയോഗിച്ച് മാർക്ക് തിരുത്താമെന്നായി.