ksrtc-2
അതിർത്തിക്കപ്പുറത്ത് നിന്നും കാൽനടയായി എത്തുന്ന യാത്രക്കാരൻ

പാറശാല: കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ഗ്രാമങ്ങളായ ഇഞ്ചിവിള, കളിയിക്കാവിള എന്നിവിടങ്ങളിൽ കൊവിഡിന് അല്പം ശമനമായതിനാൽ ജനജീവിതം ഏതാണ്ട് സാധാരണ നിലയിലാണ്. ഈ രണ്ട് പ്രദേശങ്ങളിലെയും തിയേറ്ററുകളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നത്. അതിർത്തിക്ക് ഇരുവശത്തെയും ഓഫീസുകളും സ്കൂളുകളും തുറന്നു. മാർക്കറ്റുകളും സജീവം. ഇവിടെയെല്ലാം മലയാളികളും തമിഴ്നാട്ടുകാരും ഒരുമിച്ചാണ് എത്തുന്നത്. ഒരുബസിൽ ഒരുമിച്ചിരുന്ന് യാത്രചെയ്യാനുള്ള അവസരവും ഉണ്ട്. എന്നാൽ പ്രശ്നം ഇതൊന്നുമല്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അതിർത്തി കടക്കാൻ കെ.എസ്.ആർ.ടി.സി ബസിൽ എത്തുന്ന യാത്രക്കാർക്ക് അപ്പുറം എത്തണമെങ്കിൽ അരക്കിലോമീറ്ററോളം നടക്കണം. കൊവിഡ് കേരളത്തിൽ കുറവല്ലെന്നതാണ് കാരണമായി അയൽ സംസ്ഥാനം പറയുന്നത്.

അതിർത്തി മേഖലകളിലൂടെ കടന്ന് പോകുന്ന തമിഴ്‌നാട് സർക്കാരിന്റെ ട്രാൻസ്‌പോർട്ട് ബസുകളിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്നുള്ളത് മറ്റൊരു ഉദാഹരണമാണ്.

ബസുകളിൽ എത്തുന്ന യാത്രക്കാരെ അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഇറക്കിവിട്ട് നടത്തിച്ചത് കൊണ്ട് മാത്രം കൊവിഡ് വ്യാപനം തടയാൻ കഴിയുമെന്ന തെറ്റായ നടപടി നിറുത്തലാക്കി പകരം അതിർത്തിയിലെ കളിയിക്കാവിള ബസ് സ്റ്റാൻഡ് വരെ കേരളത്തിന്റെ ട്രാൻസ്‌പോർട്ട് ബസുകളെ കടത്തിവിടാൻ അനുവദിക്കണം എന്നതാണ് യാത്രക്കാരുടെ ആവശ്യം.

ആകെവഴി നടക്കുക മാത്രം

പൊരിവെയിലായാലും പേരുമഴയായാലും അതിർത്തി കടക്കാനായി നടക്കുക മാത്രമേ വഴിയുള്ളു. ചെറുപ്പക്കാർക്കും ആരോഗ്യമുള്ളവർക്കും നടക്കുക എന്നത് പ്രശ്നമല്ലെങ്കിലും ചികിത്സ തേടി എത്തുന്ന രോഗികളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലാവുന്നത്. അതിർത്തിയിൽ ട്രാൻസ്‌പോർട്ട് ബസുകൾക്ക് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ കഴിയാത്തത് കാരണം യാത്രക്കാരെ ഇഞ്ചിവിളയിൽ ഇറക്കി വിടുകയാണ് പതിവ്. തുടർന്ന് കളിയിക്കാവിള ബസ് സ്റ്റാൻഡ് വരെ യാത്രക്കാർ നടന്ന് പോകണം. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തേണ്ട യാത്രക്കാർ കളിയിക്കാവിള ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം ഇഞ്ചിവിളയിൽ ബസുകൾ പാർക്ക് ചെയ്തിട്ടുള്ള സ്ഥലത്തേക്ക് നടന്നെങ്കിൽ മാത്രമേ കേരളത്തിന്റെ വക ട്രാൻസ്‌പോർട്ട് ബസുകളിൽ കയറാൻ കഴിയുകയുള്ളൂ. എന്നാൽ ട്രാൻസ്‌പോർട്ട് ബസുകൾ ഒഴികെയുള്ള യാത്രക്കാർക്ക് കാൽനടയായും വാഹനങ്ങളിലൂടെയും അതിർത്തി കടക്കാൻ യാതൊരു തടസവുമില്ല.