vs

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനം രാജി വച്ചു. ആരോഗ്യ കാരണങ്ങളാൽ തുടരാനാവുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച രാജിക്കത്തിൽ അറിയിച്ചു. 2016 ആഗസ്റ്റിലാണ് വി.എസ് അദ്ധ്യക്ഷനായത്. ഒഴിയുന്നതിന് മുന്നോടിയായി ഈ മാസം 9ന് വി.എസ്, ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ നിന്ന് ബാർട്ടൺഹില്ലിലെ മകൻ അരുൺകുമാറിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

പൊതുജന സേവനം കാര്യക്ഷമമാക്കുന്നതടക്കം ഇ - ഗവേണൻസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നൽകിയതുൾപ്പെടെ പതിനൊന്ന് റിപ്പോർട്ടുകളാണ് കമ്മിഷൻ സർക്കാരിന് സമർപ്പിച്ചത്. ധനകാര്യവും ആസൂത്രണവും സെക്രട്ടേറിയറ്റ് പരിഷ്കരണവും സംബന്ധിച്ച രണ്ട് റിപ്പോർട്ടുകൾ കൂടി അംഗീകരിച്ച ശേഷമാണ് വി.എസിന്റെ രാജി. അച്ചടി തീരുമ്പോൾ അവയും സർക്കാരിന് സമർപ്പിക്കും.

സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിലെ തുടർ നടപടികളാണ് കമ്മിഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും അതുണ്ടാവും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വി.എസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കമ്മിഷൻ വെറും ധൂർത്താണെന്ന വിമർശനങ്ങൾക്ക് മറുപടിയാണ് വി.എസിന്റെ പ്രതികരണം.

നാലര വർഷം കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന താൻ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി സ്വരൂപിച്ച അഭിപ്രായനിർദ്ദേശങ്ങൾ ശാസ്ത്രീയമായി പഠിച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്.

ഇപ്പോൾ ആരോഗ്യ കാരണങ്ങളാൽ തുടരാനാവുന്നില്ല. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ഡോക്ടർമാരുടെ കർശന നിബന്ധനകൾ ഉള്ളതിനാൽ യോഗങ്ങളും ചർച്ചകളും നടത്താനാവുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നത്തെ തീയതി വച്ച് ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ പദവി രാജി വയ്ക്കുന്നതായി സർക്കാരിനെ അറിയിച്ചു. നൂറു കണക്കിനാളുകളുടെ കൂട്ടായ യത്നത്തിന്റെ ഫലമായാണ് കമ്മിഷന്റെ റിപ്പോർട്ടുകളുണ്ടായത്. ഈ യജ്ഞത്തിൽ സഹകരിച്ച എല്ലാവരോടും അകൈതവമായ നന്ദി അറിയിക്കുന്നതായും വി.എസ് വ്യക്തമാക്കി. റിപ്പോർട്ടുകൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കും.