chennitha

തിരുവനന്തപുരം: 'സംശുദ്ധം, സദ്ഭരണം" എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന 'ഐശ്വര്യ കേരള യാത്ര"യ്‌ക്ക് ഇന്ന് മഞ്ചേശ്വരത്ത് തുടക്കമാകും. ഇടതു സർക്കാരിന്റെ ദുർഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാൻ ജനാധിപത്യ, മതേതര, പുരോഗമന ശക്തികളെ ഒരുമിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. യു.ഡി.എഫിന്റെ ബദൽ വികസന, കരുതൽ മാതൃകകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും ഉദ്ദേശിക്കുന്നു.

രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയിൽ തുറന്നു കാട്ടും. ജാഥ മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്നിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ മുഖ്യാതിഥിയാകും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കർണാടക മുൻ മന്ത്രിമാരായ യു.ടി. ഖാദർ, വിനയകുമാർ സോർക്കെ, രാമനാഥ് റായ്, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.ജെ. ജോസഫ് എം.എൽ.എ, എ.എ. അസീസ്, അനൂപ് ജേക്കബ് എം.എൽ.എ, സി.പി. ജോൺ, ജി.ദേവരാജൻ, ജോൺ ജോൺ, കെ. സുധാകരൻ എം.പി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ സംബന്ധിക്കും. യാത്ര 22 ന് തിരുവനന്തപുരത്തെത്തും. സമാപന റാലി 23ന് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.