kovzalam

കോവളം: കരിങ്കല്ല് കിട്ടുന്നതിനുള്ള കാലതാമസം മാറിയതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിർമാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നു. ജില്ലയിലെ പാറമടകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിച്ച മൂന്നുലക്ഷത്തോളം ടൺ കരിങ്കല്ല് ഉപയോഗിച്ചാണ് 800 മീറ്ററോളം നീളത്തിൽ പുലിമുട്ട് നിർമ്മാണം പൂർത്തീകരിച്ചത്. ദിവസവും 10000 ടണ്ണിലേറെ കരിങ്കല്ലാണ് പുലിമുട്ട് നിർമ്മാണത്തിനായി വേണ്ടത്. ജില്ലയിലെ ക്വാറികൾക്ക് പുറമേ കൊല്ലത്തുനിന്നും പദ്ധതി പ്രദേശത്തേക്ക് കല്ലെത്തിക്കുന്നുണ്ട്.

കോട്ടപ്പുറം കരിമ്പള്ളിക്കര തീരത്തുനിന്ന് കടലിലേക്ക് 3.1 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമിക്കുന്നത്. ഇതിൽ 700 മീറ്ററോളം നീളത്തിൽ നേരത്തെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. രണ്ട് വർഷത്തിനിടെയുണ്ടായ തിരയടിയിൽ ഇതിന്റെ 200 മീറ്ററോളം ഭാഗം കടലെടുത്തു. ഇതിന്റെ തുടർച്ചയായുള്ള ഭാഗത്താണ് നിലവിൽ പുലിമുട്ട് നിർമ്മിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതും നിർമ്മാണത്തെ സാരമായി ബാധിച്ചു. പ്രാദേശിക പ്രശ്നങ്ങളും തിരിച്ചടിയായി. ഇതെല്ലാം പരിഹരിച്ചതോടെയാണ് നിർമ്മാണത്തിന് ഗതിവേഗം കൈവന്നത്.

നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ ശ്രമം. പുലിമുട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള യന്ത്രസാമഗ്രികൾ, 10ലധികം ട്രക്കുകൾ, മറ്റ് വാഹനങ്ങൾ, അനുബന്ധ ജോലിക്കാർ, സാങ്കേതിക വിദഗ്ദ്ധരടക്കമുള്ള സംവിധാനങ്ങൾ എന്നിവ സജ്ജമാണ്. തായ്ലൻഡിൽനിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടുന്ന ഐ.ടി.ഡി. സിമന്റേഷൻ എന്ന ഇന്ത്യൻ കമ്പനിയാണ് പുലിമുട്ട് നിർമ്മാണം നടത്തുന്നത്.

കടൽമാർഗവും കല്ലെത്തിക്കും

ഒരു കിലോമീറ്റർ നീളത്തിൽ പുലിമുട്ടിന്റെ കല്ലിടൽ പൂർത്തിയായാൽ കടൽവഴിയായിരിക്കും കല്ലെത്തിക്കുക. ഇതിന് ആവശ്യമുള്ള ബാർജുകളും സജ്ജമാക്കിയതായി തുറമുഖ കമ്പനി അധികൃതർ പറഞ്ഞു. രൂപരേഖയനുസരിച്ച് വിവിധതരം കല്ലുകളാണ് പുലിമുട്ടിന്റെ നിർമാണത്തിന് ഉപയോഗിക്കേണ്ടത്. കടലിന്റെ അടിത്തട്ടിൽനിന്ന് മുകളിലേക്ക് പിരമിഡിന്റെ രൂപത്തിലാണ് കല്ലിടുന്നത്. കൂറ്റൻ പാറക്കല്ലുകളാണ് അടിത്തട്ടിൽ നിക്ഷേപിക്കേണ്ടത്. ഇതിനായി തിരുനെൽവേലിയിൽ നിന്ന് വലിയ കരിങ്കല്ലെത്തിക്കും. കല്ലുകളടുക്കി വെള്ളത്തിന് മുകളിലെത്തുമ്പോൾ ചെറുകല്ലുകളാകും അടുക്കുക. ഇവയും പദ്ധതി പ്രദേശത്ത് ശേഖരിച്ചിട്ടുണ്ട്.

തിരയടി തടയാനും പദ്ധതി

തിരയടിയേറ്റ് പുലിമുട്ടുകൾ തകരാതിരിക്കാൻ ഇവയ്ക്ക് അനുബന്ധമായി 12 ടൺ ഭാരമുള്ള അക്രോപോഡുകളും അടുക്കും. തുറമുഖത്തിലെ ബെർത്തിന്റെ നിർമാണത്തിലുള്ള 650 തൂണുകളുടെ നിർമാണവും പൂർത്തിയായി. ഇവയെ ബന്ധിപ്പിക്കുന്ന വലിയ ബീമുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിവരുന്നു. ബെർത്തിന്റെ അനുബന്ധ നിർമാണം തുടരണമെങ്കിൽ പുലിമുട്ട് നിർമാണം ഏകദേശം പൂർത്തിയാകണം.

"കാലാവസ്ഥ അനുകൂലമായാൽ തുറമുഖത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം അടുത്ത വർഷം ഏപ്രിലോടെ നടത്താൻ സാധിക്കും. പദ്ധതി പ്രദേശത്തേക്കുള്ള പവർ സ്വിച്ച് യാർഡ് കോംപ്ലക്സിന്റെ ഉദ്ഘാടനം അടുത്ത മാസം 10 ന് മുമ്പ് മുഖ്യമന്ത്രി നിർവഹിക്കും."

നിർമ്മാണ കമ്പനി അധികൃതർ