തിരുവനന്തപുരം: ഗ്രാമവീടുകളിൽ കുടിവെള്ളമെത്തിക്കുന്ന 'ജലജീവൻ" പദ്ധതിയിലെ കണക്ഷനുകൾ വൈകിപ്പിച്ചതിന് വാട്ടർ അതോറിട്ടിയിലെ കൂടുതൽ എൻജിനിയർമാർക്കെതിരെ നടപടിയുണ്ടായേക്കും. ഒമ്പത് പേരെ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്ക് കാരണം കാണിക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സസ്പെൻഷനുകളുണ്ടാകും എന്നാണ് സൂചന.
അതേസമയം വാട്ടർ അതോറിട്ടി ചെയർമാൻ ടി.കെ. ജോസിനും മാനേജിംഗ് ഡയറക്ടർ വെങ്കിടേസപതിക്കുമെതിരെ എൻജിനിയർമാരടക്കമുള്ളവർ നീരസം പ്രകടിപ്പിക്കുകയാണ്. അടിസ്ഥാന സൗകര്യമില്ലാതെ 21 ലക്ഷം കണക്ഷനുകൾ എങ്ങനെ നൽകുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. കേന്ദ്ര സർക്കാരിൻെറ പദ്ധതിയായ ജലജീവൻ ഇഴയുന്നത് ജീവനക്കാരുടെ വീഴ്ച മൂലമാണെന്ന് വരുത്തിതീർക്കാനാണ് എെ.എ.എസ് ലോബി ശ്രമിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.
ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് സസ്പെൻഷൻ നടപടികൾ മനോവീര്യം കെടുത്തുമെന്നാണ് ജീവനക്കാർ പറയുന്നത്. പഞ്ചായത്ത് തലം വരെ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയതിന് കരാറുകാർക്ക് 18 മാസത്തെ കുടിശിക നൽകാനുണ്ട്. അതുകൊണ്ടാണ് കരാറുകാർ പൈപ്പിടൽ നടത്താത്തതെന്നാണ് ജീവനക്കാർ പറയുന്നത്.