തിരുവനന്തപുരം: മുഖ്യമന്ത്രി സമ്മാനിക്കേണ്ടിയിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്ത് നിന്നു ജേതാക്കൾക്ക് എടുക്കേണ്ടി വന്ന സംഭവം വിവാദമായി. മറ്റ് അവാർഡ് ദാനങ്ങളും ഉപഹാര സമർപ്പണവുമൊക്കെ ജേതാക്കൾക്ക് നേരിട്ടു നൽകുമ്പോഴാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എടുത്തുകൊണ്ടു പോകേണ്ടിവന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് ചലച്ചിത്ര അക്കാഡമി പറയുന്നു. എന്നാൽ, കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷമാണ് ജേതാക്കൾ ചടങ്ങിനെത്തിയത്. ഇത്തരത്തിൽ അവാർഡ് സ്വീകരിക്കേണ്ടിവന്നതിൽ പലർക്കും നീരസം ഉണ്ട്. ആരും പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം.
ജനുവരി 9ന് ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തപ്പോൾ ഇത്തരം നിയന്ത്രണം ഉണ്ടായിരുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് അവാർഡുകൾ സമ്മാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചലച്ചിത്ര അവാർഡ് വിതരണത്തിനുശേഷം
നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ് കുമാറാണ് ആദ്യം പരസ്യ വിമർശനം നടത്തിയത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കിൽ മറ്റു മന്ത്രിമാരെ കൊണ്ടു ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം. സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങാമെന്ന പ്രതീക്ഷയോടെ എത്തിയവർ അപമാനിതരായി. അതു തുറന്നു പറയാനുള്ള തന്റേടം അവർക്കില്ലാത്തതു കഷ്ടമാണ്.
2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി രാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും സുരേഷ്‌കുമാർ പറഞ്ഞു.