തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിൽ കൃഷി ഉദ്യോഗസ്ഥരെ പൂർണമായും അവഗണിച്ചെന്നാരോപിച്ച് കൃഷി ഓഫീസർമാരുടെ സംഘടനയായ എ.ഒ.എ.ഒ.കെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിന് മുൻപിൽ ശമ്പള പരിഷ്‌കരണ കമ്മിറ്റി റിപ്പോർട്ടിന്റെ പേജുകൾ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി ധർണ ഉദ്ഘാടനം ചെയ്തു.
നാളിതുവരെ നിലനിന്നിരുന്ന പ്രൊഫഷണൽ തുല്യതയെ തകർത്തെറിഞ്ഞ് കൃഷി ഓഫീസർമാരെ ഗ്രൂപ്പ് നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തി അപമാനിച്ചെന്നും 15 വർഷം സർവീസ് കഴിയുമ്പോൾ മറ്റു സമാനപ്രൊഫഷണൽ തസ്തികകളുമായി അടിസ്ഥാന ശമ്പളത്തിൽ തന്നെ 18,400 രൂപയുടെ വ്യത്യാസമാണ് കൃഷി ഓഫീസർമാർക്ക് വരാൻ പോകുന്നതെന്നും ഇവർ ആരോപിച്ചു. റിപ്പോർട്ടിലെ അപാകതകൾ സർക്കാർ ഇടപെട്ട്
പരിഹരിച്ചില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ അറിയിച്ചു.