കൽപ്പറ്റ: പനമരം നീരട്ടാടീ മുരിങ്ങമറ്റം നാലുസെന്റ് കോളനിയിലെ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി നെൽസെണെ (60) പൊലീസ് അറസ്റ്റു ചെയ്തു.
പനമരം നെല്ലാറാട്ട് കവലയിലെ പോളിടെക്നിക് കോളേജിന് സമീപത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കോണിപ്പടിയിലാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ ബാബുവിനെ ദൂരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. മരണം കൊലപാതകമാണെന്ന് കോഴിക്കോട് മെഡിക്കൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന, ബാബുവിന്റെ സുഹൃത്ത് കന്യാകുമാരി മേക്കേമണ്ഡപം തക്കല സ്വദേശിയായ പാളവിളയ് നെൽസെണെ പനമരം പൊലീസ് ഇൻസ്പെക്ടർ രജീന.കെ.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
26ന് വൈകീട്ട് ബാബുവും നെൽസണും പണം പങ്കിട്ട് മദ്യം വാങ്ങി നെൽസൺ താമസിക്കുന്ന പനമരം നെല്ലാറാട്ടുള്ള ഒറ്റമുറി വാടക റൂമിൽ വെച്ച് മദ്യപിക്കുകയും പിന്നീട് മദ്യത്തിൽ കൂടുതൽ ബാബു കുടിച്ചെന്ന് പറഞ്ഞ് വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്നുണ്ടായ അടിപിടിയിൽ ബാബു മരിച്ചു. മൃത്ദേഹം കോണിപ്പടിയിലേക്ക് മറിച്ചിടുകയുമായിരുന്നു എന്ന് നെൽസൺ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.
നെൽസൺ തന്നെയാണ് ബാബു മരിച്ചു കിടക്കുന്നതായി ആളുകളെ അറിയിച്ചത്. ഇയാളുടെ മൊഴി പ്രകാരമാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും.
നെൽസൺ 36 വർഷനമായി പനമരത്ത് കൂലിപ്പണിയുമായി വാടകയ്ക്ക് താമസിക്കുകയാണ്. കൊല്ലപ്പെട്ട ബാബുമായി ഇയാൾക്ക് 20 വർഷത്തെ പരിചയമുണ്ട്.
ബലപ്രയോഗം നടന്നതായും കഴുത്തിൽ അടിയേറ്റ പരിക്കാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവി ജി.പുങ്കൂഴലി സംഭവസ്ഥലം സന്ദർശിച്ച് കൽപ്പറ്റ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
പനമരം ഇന്സ്പെക്ടർ രജീന.കെ.ജോസ്, എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ഗോപാലകൃഷ്ണൻ, സി.പി.ഒ ഷെറിൻ ചാക്കോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.