പദ്ധതി നടത്തിപ്പിന് പണയമോ വായ്പയോ പലിശയോ ഇല്ലെന്ന് ബിജു പ്രഭാകർ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ എല്ലാ വിഭാഗം ജീവനക്കാരെയും സംഘടനകളെയും വിശ്വാസത്തിലെടുത്ത് മാത്രമേ വികാസ്ഭവൻ ഡിപ്പോയിൽ കിഫ്ബി പദ്ധതി നടപ്പാക്കുകയുള്ളൂ എന്ന് വി.കെ. പ്രശാന്ത് എം.എൽ.എയും കോർപറേഷൻ എം.ഡി ബിജു പ്രഭാകറും പറഞ്ഞു. ഡിപ്പോ നവീകരണത്തിന്റെ ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സംസ്ഥാനത്തിന്റെ പുതിയ വികസന നയത്തിനൊപ്പം കെ.എസ്.ആർ.ടി.സി പങ്കാളിയാകുന്നത് ഗുണം ചെയ്യുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത വി.കെ. പ്രശാന്ത് പറഞ്ഞു.
ഇപ്പോൾ സഹകരിക്കാത്ത സംഘടനകളുമായി ഗതാഗത, ധനകാര്യമന്ത്രി തലത്തിൽ ചർച്ച നടത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. വികാസ് ഭവനിലെ നവീകരിച്ച ഡിപ്പോയും കിഫ്ബി ആസ്ഥാനവും കിഫ്ബി തന്നെയാണ് നിർമ്മിക്കുന്നത്. ആകെയുള്ള 2.89 ഏക്കറിൽ 60 സെന്റ് സ്ഥലത്തിൽ 30 വർഷത്തേക്ക് കെട്ടിടം നിർമ്മിക്കാനാണ് അനുവാദം നൽകുന്നത്. വസ്തു പണയപ്പെടുത്താതെ ലോണോ, പലിശയോ ഒന്നുമില്ലാതെയാണ് പദ്ധതി നടപ്പിലാക്കുക. കിഫ്ബി നിർമ്മിച്ച ശേഷം 30 വർഷത്തിന് ശേഷം കെട്ടിടങ്ങൾ കോർപ്പറേഷന് നൽകുമെന്നാണ് കരാർ.
കെ.എസ്.ആർ.ടി.സി ജീവനക്കാരായിക്കെ മരിച്ച വെള്ളറട യൂണിറ്റ് ഇൻസ്‌പെക്ടർ വി. അനിൽ കുമാർ, പേരൂർക്കട യൂണിറ്റിലെ മെക്കാനിക്ക് കെ. വിനോദ്, പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിലെ മെക്കാനിക്ക് ജിജേഷ് കുമാർ എം.എസ്, കിളിമാനൂർ ഡിപ്പോയിലെ ഡ്രൈവർ രതീഷ് കുമാർ എന്നിവരുടെ ആശ്രിതർക്ക് എസ്.ബി.ഐ ആക്‌സിഡന്റ് ഇൻഷ്വറൻസ് സ്‌ക്രീം പ്രകാരമുള്ള 10 ലക്ഷം രൂപയുടെ ചെക്ക് വി.കെ. പ്രശാന്ത് കൈമാറി. കൗൺസിലർ മേരി പുഷ്പം അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ ജി.അനിൽകുമാർ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്.ആർ. ഗിരീഷ്, വികാസ് ഭവൻ എ.ടി.ഒ സുധിൽ പ്രഭാനന്ദലാൽ, എ.ഡി.ഇ, ശ്രീരാജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ പ്രതിപക്ഷ സംഘടനകൾ വിട്ടുനിന്നു
"പദ്ധതി നടപ്പാക്കുന്നതോടെ തമ്പാനൂർ പ്രധാന ഡിപ്പോയായും വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട്, ഈഞ്ചയ്ക്കൽ എന്നിവ ഉപഗ്രഹ ഡിപ്പോകളായുമായുള്ള സമഗ്ര പരിഷ്‌കരണമാണ് വരുത്തുന്നത്. ഇതിന് പുറമെ ഒരു ദിവസത്തേക്കുള്ള ഏകദിന കാർഡും പദ്ധതിയിൽ ഉണ്ട്. തലസ്ഥാനത്തെ ഗതാഗതം സമഗ്രമായി തന്നെ പരിഷ്‌കരിക്കും. ഹോപ്പ് ഓൺ ഹോപ്പ് ഒഫ് സർവീസ് നടത്താനാണ് പഠനം നടത്തുന്നത്. നഗരത്തിൽ എവിടെ നിന്നും എവിടേക്കും പോകാവുന്നതരത്തിലാണ് ഹോപ്പ് ഓൺ ഹോപ്പ് ഒഫ് സർവീസ് നടത്തുന്നത്. സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ താമസൗകര്യം ഒരുക്കും. ജൂണോടു കൂടി ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് "
ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.സി എം.ഡി