തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്കിടെ സാമ്പത്തിക കുറ്റവാളികളിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ നിന്നും സംഭാവനകൾ സ്വീകരിക്കരുതെന്ന് യു.ഡി.എഫ് സർക്കുലർ. യു.ഡി.എഫ് സംസ്ഥാനകമ്മിറ്റി നൽകിയ കൂപ്പൺ ഉപയോഗിച്ച് വേണം സംഭാവനകൾ സ്വീകരിക്കാനെന്നും ജാഥാ കോ-ഓർഡിനേറ്റർ വി.ഡി. സതീശൻ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി.
ജാഥയുടെ സംഘാടനത്തിലും പൊതുസമ്മേളനത്തിലും സ്വീകരണ പരിപാടിയിലും തികഞ്ഞ അച്ചടക്കം പുലർത്തണം.
മുതിർന്ന നേതാക്കളും ജാഥാംഗങ്ങളും വരുമ്പോൾ സ്വീകരണവേദിയിൽ ഭാരവാഹികളും ചുമതലപ്പെടുത്തിയവരുമല്ലാതെ മറ്റാരുമുണ്ടാകരുതെന്ന് ഉറപ്പുവരുത്തണം. നേതാക്കൾക്ക് ഇരിപ്പിടം ഉറപ്പാക്കണം.
അപരിചിതരായ ആളുകളെ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിപക്ഷനേതാവിനെ ഹാരാർപ്പണം ചെയ്യേണ്ടവരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കണം. ലിസ്റ്റിലില്ലാത്ത ആരും ഹാരാർപ്പണം നടത്തരുത്. സ്വീകരണ പരിപാടിയും പൊതുസമ്മേളനവും മുൻകൂട്ടി തയാറാക്കി സ്വാഗതസംഘം തീരുമാനിച്ചതിനനുസരിച്ച് നടത്തണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
. ജില്ലകളിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കുന്ന പ്രമുഖർക്കാവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.