സമയബന്ധിതമായി ആദ്യ കൗൺസിൽ യോഗം പിരിഞ്ഞു പ്രത്യേക കൗൺസിൽ വേണമെന്ന ആവശ്യം നിരസിക്കാതെ മേയർ
തിരുവനന്തപുരം: കോർപറേഷനിൽ പുതിയ കൗൺസിൽ അധികാരത്തിലെത്തിയ ശേഷം ചേർന്ന ആദ്യയോഗം കലുഷിതമാകാതെ സമയബന്ധിതമായി സാധാരണ അജൻഡകൾ എല്ലാം പാസാക്കി പിരിഞ്ഞു. പുതുമുഖമായ മേയർ ആര്യാ രാജേന്ദ്രനാണ് യോഗം നിയന്ത്രിച്ചത്. ഇടയ്‌ക്ക് ഓഫീസിലേക്ക് മടങ്ങിയതിനാൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ അഞ്ചുമിനിട്ട് മേയർക്കസേരയിൽ ഇരിക്കാൻ അവസരം ലഭിച്ചു. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയിൽ നിന്നും കഴിഞ്ഞ കൗൺസിലിന്റെ പരിചയസമ്പത്തുമായെത്തിയവർ വിമർശനങ്ങൾ ഉന്നയിച്ചെങ്കിലും ആദ്യദിനം കലഹത്തിലേക്ക് വഴിമാറാതിരിക്കാൻ ഭരണപക്ഷം ശ്രദ്ധിച്ചു. ബി.ജെ.പിയിൽ നിന്നും അശോക്‌കുമാർ, ഗിരി, എം.ആർ. ഗോപൻ എന്നിവർ നിരന്തരം വിമർശനശരങ്ങൾ എയ്‌തപ്പോൾ ഭരണപക്ഷത്ത് നിന്നും പാളയം രാജനും മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും ഉൾപ്പെടെയുള്ളവർ പ്രതിരോധം തീർക്കാനെത്തി. സാധാരണ അജൻഡയ്ക്ക് പുറമേ സപ്ലിമെന്ററി അജൻഡയും കൗൺസിൽ യോഗത്തിൽ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചതോടെ മേയർ ആദ്യദിനം വഴങ്ങി. കാർക്കശ്യം കാട്ടാതെ പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ പ്രത്യേക കൗൺസിൽ വിളിക്കാനും മേയർ സമ്മതിച്ചു. ഒാരോ വാർഡിലും നടപ്പു സാമ്പത്തികവർഷം നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികൾക്കായി നീക്കിവച്ച പണം വകമാറ്റുന്നത് സംബന്ധിച്ച അജൻഡകളാണ് സപ്ലിമെന്ററി അജൻഡയിലുണ്ടായിരുന്നത്. ഓരോ വാർഡിൽ നിന്നും പണം മാറ്റുമ്പോൾ കൗൺസിലർമാർ അറിയണമെന്നും സപ്ലിമെന്ററി അജൻഡ കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് മാത്രമാണ് ലഭ്യമാക്കിയതെന്നുമായിരുന്നു ബി.ജെ.പിയുടെ പരാതി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വരാനിരിക്കുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാകരുതെന്നും അതിനാൽ സപ്ലിമെന്ററി അജൻഡയും പാസക്കണമെന്നായിരുന്നു ഭരണപക്ഷം. പരാതിയുണ്ടെങ്കിൽ സ്റ്റിയറിംഗ് കമ്മിറ്റിയിൽ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അജൻഡ പാസായി കഴിഞ്ഞാൽ പരാതിക്ക് സാദ്ധ്യതയില്ലെന്നായിരുന്നു പ്രതിപക്ഷം. ഇതോടെയാണ് പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ആർ. അനിൽ, സലിം, ജിഷ ജോൺ, ജമീല, കൗൺസിലർമാരായ കരമന അജിത്ത്, പത്മകുമാർ, ജോൺസൺ ജോസഫ്, മേരി പുഷ്പം, വി. സുലോചനൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.