കാഞ്ഞങ്ങാട്: കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളികളെ പൊക്കാൻ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ്. വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 7 പിടികിട്ടാപ്പുള്ളികളെയും 10 വാറന്റ് പ്രതികളെയും സംഘം ദിവസങ്ങൾക്കുള്ളിൽ അറസ്റ്റുചെയ്തു. ഡിവൈ.എസ്.പി എൻ.പി.വിനോദിന്റെ നേതൃത്വത്തിലാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഹൊസ്ദുർഗ്, ബേക്കൽ, ചന്തേര സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിലാണ് 17 പേർ അറസ്റ്റിലായത്. വിവിധ കേസുകളിൽപെട്ട ഇവർ വർഷങ്ങളായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.
കോടതികളിൽ ഹാജരാകാത്ത വാറന്റ് പ്രതികൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ഒളിവിൽ കഴിയുന്ന മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യുമെന്നും ഡിവൈ.എസ്.പി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.