തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരിചയസമ്പത്തിന്റെ പേരിൽ അനിവാര്യരായവർ അല്ലാതെ പരമാവധി യുവമുഖങ്ങളെ സ്ഥാനാർത്ഥികളായി പരീക്ഷിക്കാൻ സി.പി.എം തയാറായേക്കും. 2016ലെ തിരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണം വിപുലമാക്കാനാണ് ആലോചന. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പരീക്ഷണം വലിയ വിജയമായെന്നാണ് പാർട്ടി വിലയിരുത്തുന്നത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യങ്ങളെ അതിജീവിച്ച് വി.കെ. പ്രശാന്ത് നേടിയ ഉജ്ജ്വല വിജയവും പാർട്ടി കണക്കിലെടുക്കുന്നു.
പരിചയ സമ്പന്നരായതിനാൽ നിലവിലുള്ള മന്ത്രിമാരുൾപ്പെടെ പലർക്കും വീണ്ടും സീറ്റ് ലഭിക്കാം. ഇതിൽ നാലും അഞ്ചും ടേമായി നിയമസഭയിൽ ഇരിക്കുന്നവരുണ്ട്. എങ്കിലും ഒഴിച്ചുകൂടാനാവാത്തവരുടെ പട്ടികയിലുള്ളവരെ പരിഗണിക്കാൻ തന്നെയാണ് നീക്കം. സി.പി.ഐയിൽ പക്ഷേ രണ്ടും മൂന്നും ടേമുകൾ പൂർത്തിയാക്കിയവരെ ഒഴിവാക്കാനാണ് ആലോചിക്കുന്നത്. എങ്കിലും രണ്ട് ടേം പിന്നിടുന്ന മന്ത്രി ഇ. ചന്ദ്രശേഖരനെ കാഞ്ഞങ്ങാട് മണ്ഡലത്തിൽ വീണ്ടും പരീക്ഷിക്കാൻ പാർട്ടി തയ്യാറായേക്കും. പക്ഷേ മത്സരത്തിനില്ലെന്ന നിലപാടിലാണ് മന്ത്രി.
തലസ്ഥാന ജില്ലയിൽ കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസിന് വിട്ടു നൽകിയ തിരുവനന്തപുരം മണ്ഡലം ഇത്തവണ സി.പി.എം ഏറ്റെടുക്കാൻ ആലോചിക്കുന്നുണ്ട്. ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വവുമായി ഇക്കാര്യം സംസാരിക്കാനാണ് തീരുമാനം. ജില്ലയിലെ അവരുടെ പ്രമുഖ നേതാവായ ആന്റണി രാജുവിന്, സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സുപ്രധാന പദവി നൽകാമെന്ന ഫോർമുലയാണെന്നറിയുന്നു.
ജില്ലയിൽ പഴയ മുഖങ്ങളെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. വട്ടിയൂർക്കാവിൽ പ്രശാന്തിന്റെ കാര്യത്തിലും പിന്നീട് മേയർ സ്ഥാനത്തേക്ക് വിദ്യാർത്ഥിനിയായ ആര്യ രാജേന്ദ്രനെ പരീക്ഷിച്ചതിലും പാർട്ടി സംസ്ഥാന സെന്ററിന്റെ നേരിട്ടുള്ള ഇടപെടലാണുണ്ടായത്. അത്തരം ഇടപെടൽ ഇത്തവണ ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഫെബ്രുവരി രണ്ടിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 3നും 4നും സംസ്ഥാന കമ്മിറ്റിയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ ചർച്ച ചെയ്യും.