കാട്ടാക്കട: രാത്രിയിൽ ബസ് കിട്ടാതെ കാൽനടയായി പോയ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം നടത്തിയ ബൈക്ക് യാത്രക്കാരായ രണ്ടുപേർ അറസ്റ്റിൽ. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് വെള്ളിയാഴ്‌ച രാത്രി 10.30ന് ആക്രമണമുണ്ടായത്. വിതുര കൊള്ളോട് പാറത്തരികത്ത് വീട്ടിൽ മാഹിൻ (35), പറണ്ടോട് വലിയകലുങ്ക് എബിൻ നിവാസിൽ ലൂയിസ് (35) എന്നിവരെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലെത്തിയ അമ്മയും മകളും കെ.എസ്.ആർ.ടി.സി ബസ് ഇല്ലാത്തതിനാൽ പൂവച്ചൽ ഭാഗത്തേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. പൂവച്ചൽ പുന്നാംകരിക്കകം വളവിൽ വച്ച് ബൈക്കിലെത്തിയ യുവാക്കൾ ബബിതയോട് മോശമായി പെരുമാറി. ഇവർ ദേഷ്യപ്പെട്ടതോടെ യുവാക്കൾ മടങ്ങി. എന്നാൽ വീണ്ടുമെത്തി ബബിതയെ മർദ്ദിച്ചു. ഇതിനിടെ നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിലേക്കു മറിഞ്ഞുവീണു. ബബിതയുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ച ബബിതയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിതുര സ്വദേശികളായ ബൈക്ക് യാത്രികർ പോത്തൻകോട്ടുള്ള സുഹൃത്തിനു കാശ് കൊടുക്കാൻ പോയതാണെന്നും കാട്ടാക്കടയിൽ മദ്യപിക്കാനാണ് വന്നതെന്നും ഇവർ പൊലീസിൽ മൊഴിനൽകി. കാട്ടാക്കട പൊലീസ് കേസെടുത്തു.