തിരുവനന്തപുരം: അധികയോഗ്യതയുള്ളവർക്ക് കുറഞ്ഞ ശമ്പളമെന്ന പരാതി നിലവിലുള്ളതിനാൽ ഇത്തരം സങ്കീർണതകളിലേക്ക് കടക്കുന്നില്ലെന്ന് ശമ്പള കമ്മിഷൻ. എസ്.എസ്.എൽ.സിയും സർട്ടിഫിക്കറ്ര് യോഗ്യതയും വേണ്ട തസ്തികാർക്ക് എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ള തസ്തികക്കാരേക്കാൾ ശമ്പളം കുറവാണെന്ന പരാതി വന്നിരുന്നു. സാമ്പത്തിക ബാദ്ധ്യത വരുന്നതിനാലും വർഷങ്ങളായുള്ള സ്ഥിതി മാറ്രുമ്പോൾ പുതിയ സങ്കീർണതകൾ ഉണ്ടാകുമെന്നതിനാലുമാണ് ഇതിൽ ഇപെടാത്തതെന്ന് കമ്മിഷൻ വ്യക്തമാക്കി.
ജീവനക്കാർക്ക് പരാതി മാത്രം
ശമ്പളം വർദ്ധിപ്പിച്ചെങ്കിലും വർദ്ധന തൃപ്തികരമല്ലെന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രസർക്കാർ തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ 16% വീട്ടുവാടക അലവൻസ് നൽകുമ്പോൾ കമ്മിഷൻ 10 ശതമാനമാണ് പ്രഖ്യാപിച്ചത്. ഇത് നിലവിലുള്ള സ്ലാബിനേക്കാൾ അധികമാണെങ്കിലും 2022 ജൂലായ് ഒന്നുമുതൽ നടപ്പാക്കിയാൽ മതിയെന്നാണ് കമ്മിഷൻ നിർദ്ദേശം. ശമ്പള പരിഷ്കരണം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനിരിക്കേ വീട്ടുവാടക അലവൻസ് ഒന്നര വർഷം കഴിഞ്ഞു മതിയെന്നത് പ്രതിഷേധാർഹമാണ്. നഗരത്തിൽ 4000 - 5000 രൂപ വീട്ടുവാടക അലവൻസ് പ്രഖ്യാപിച്ചപ്പോൾ തൊട്ടടുത്ത ഗ്രാമങ്ങളിൽ ഇതിന്റെ ചെറിയഭാഗമേ ലഭിക്കൂ. അതേസമയം നഗരത്തിൽ താമസിക്കുന്നവർക്ക് സിറ്രി കോമ്പൻസേറ്രറി അലവൻസും നഷ്ടപ്പെടും. ഇത് വളരെ ചെറിയ തുകയാണെന്ന ആശ്വസമുണ്ട്. മറ്ര് ആനുകൂല്യങ്ങളും ജൂലായ് ഒന്നുമുതൽ നൽകിയാൽ മതിയെന്നാണ് കമ്മിഷന്റെ നിലപാട്. .
അഞ്ചുവർഷം മുമ്പ് ശമ്പള കമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ സാമ്പത്തിക ബാദ്ധ്യത 7000 കോടിയായിരുന്നു. ഇപ്പോൾ 4810 കോടി മാത്രമാണ്. രൂപയുടെ മൂല്യം കുറഞ്ഞ ശേഷവും ബാദ്ധ്യത കുറഞ്ഞതിലൂടെ ശമ്പളക്കാർക്ക് കാര്യമായ ആനുകൂല്യം കിട്ടിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് അവർ പറയുന്നു.
വാർഷിക ഇൻക്രിമെന്റ് 500 രൂപയ്ക്ക് പകരം 700 രൂപയാക്കിയെങ്കിലും പലരെയും പ്രതികൂലമായി ബാധിക്കും. 37,500 സ്കെയിലിലുള്ളവർക്ക് 1000 രൂപ ഇൻക്രിമെന്റ് 900 രൂപയായി കുറയും. 38,300 എത്തിയാലേ 1000 രൂപ കിട്ടൂ. സർവീസ് വെയിറ്രേജും ഇല്ലാതായി. മുമ്പത്തെ രണ്ട് കമ്മിഷനുകളും അരശതമാനം വാർഷിക വെയിറ്രേജ് നൽകിയിരുന്നു. ഇത്തവണ അത് നിഷേധിച്ചു. മുൻ കമ്മിഷൻ 12% വർദ്ധന നൽകിയെങ്കിൽ ഇത്തവണ 10% മാത്രമാക്കി. കഴിഞ്ഞ കമ്മിഷൻ നിർദ്ദേശിച്ച മെഡിക്കൽ ഇൻഷ്വറൻസ് നടപ്പിലാക്കിയില്ല. തുടക്കക്കാരുടെ ശമ്പള വർദ്ധനവ് 1880 രൂപ മാത്രമാണെന്നും അവർ ആരോപിക്കുന്നു.
കൊവിഡ് മൂലവും മറ്രും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് കാര്യമായ ശമ്പള വർദ്ധന ശുപാർശ ചെയ്യാതിരുന്നതെന്നാണ് കമ്മിഷന്റെ വിശദീകരണം. ജീവനക്കാരുടെ പങ്കാളിത്ത പെൻഷനെക്കുറിച്ച് കമ്മിഷൻ അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം പഠിക്കാൻ സർക്കാർ മറ്രൊരു കമ്മിറ്രിയെ നിയോഗിച്ച സാഹചര്യത്തിലാണിത്.
സർവീസ് ഒരുവർഷം നീട്ടില്ല: മന്ത്രി ഐസക്
തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന ജീവനക്കാർക്ക് ഒരു വർഷം സർവീസ് നീട്ടി നൽകണമെന്ന പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കമ്മിഷൻ ശുപാർശകൾ അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. പ്രായോഗികവും ഉടൻ നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ മന്ത്രിസഭ അംഗീകരിക്കും.
ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ ശമ്പളം നൽകും. കമ്മിഷന്റെ ശുപാർശയിലൂടെ 4810 കോടിയുടെ അധികബാദ്ധ്യത ഉണ്ടാകാമെന്ന് ഐസക് പറഞ്ഞു.