
തിരുവനന്തപുരം : പുതുക്കിയ വീട്ടുവാടക അലവൻസ് സർക്കാർ ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കിയേക്കും. നിലവിൽ സ്ലാബ് അടിസ്ഥാനത്തിലുള്ള വീട്ടുവാടക അലവൻസ് ശമ്പള കമ്മിഷൻ അടിസ്ഥാന ശമ്പളത്തിന്റെ ശതമാനക്കണക്കിൽ നൽകാൻ നിർദ്ദേശിച്ചിരുന്നു. കോർപ്പറേഷനുകളിൽ പത്ത് ശതമാനവും ജില്ലാ കേന്ദ്രങ്ങളിൽ എട്ട് ശതമാനവും നഗരസഭകളിൽ ആറ് ശതമാനവും പഞ്ചായത്തുകളിൽ നാലു ശതമാനവുമായിരുന്നു ശുപാർശ. ഇത് നിലവിലുള്ളതിനേക്കാൾ കൂടിയ തുകയായതിനാൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് 2022 ജൂലായ് ഒന്നുമുതൽ നടപ്പിലാക്കിയാൽ മതിയെന്നായിരുന്നു കമ്മിഷന്റെ ശുപാർശ. അതിൽ ജീവനക്കാർക്ക് കടുത്ത അതൃപ്തി ഉളവായതിനാൻ ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാനാണ് സർക്കാർ നീക്കമെന്നറിയുന്നു.
എച്ച്.ആർ.എ സംബന്ധിച്ച നിർദ്ദേശം അതേപടി അംഗീകരിച്ച് ഉത്തരവിറക്കാനാണു ധനവകുപ്പ് ആലോചിക്കുന്നത്. 2020 ജനുവരിയിലെ 4% ഡി.എയും ജൂലൈയിലെ 3% ഡിഎയുംചേർത്ത് 7% ഡിഎ പുതിയ ശമ്പളത്തിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്..