കറുകച്ചാൽ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി സ്കൂട്ടറിലെത്തി പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാൻ (19) നെയാണ് പൊലീസ് പിടികൂടിയത്. കുന്നന്താനം സ്വദേശിയായ പതിനേഴുകാരിയുമായി ഒരുവർഷം മുൻപാണ് ഷാൻ പരിചയപ്പെടുന്നത്.
പിതാവിന്റെ ശാന്തിപുരത്തെ വീട്ടിൽ ആളില്ലെന്നും നേരിട്ട് കാണമെന്നും പറഞ്ഞ് വ്യാഴാഴ്ച പെൺകുട്ടി മുഹമ്മദ് ഷാനെ വിളിച്ചു. തുടർന്ന് രാത്രി 12 ഓടെ ഷാൻ പെൺകുട്ടിയുടെ വീട്ടിൽ സ്കൂട്ടറിൽ എത്തിയശേഷം ഇവിടെ നിന്നും ഇരുവരും ശാന്തിപുരത്തെ വീട്ടിലെത്തി. ഇവിടെ വെച്ച് ഷാൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിലേയ്ക്ക് ബന്ധുക്കൾ എത്തിയപ്പോഴേക്കും ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയോടുകയും തുടർന്ന് മുഹമ്മദ് ഷാന്റെ സ്കൂട്ടറിൽ കൊല്ലത്തേക്ക് പോകുകയും ചെയ്തു.
വെള്ളിയാഴ്ച്ച പുലർച്ചെ നാലരയോടെ കൊല്ലം കടയ്ക്കലിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ ടയർ പഞ്ചറായി. തുടർന്ന് സംശയാസ്പദമായി സ്കൂട്ടറുമായി നടന്നു പോകുന്ന ഇരുവരെയും പൊലീസ് പിടികൂടി. ഇവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം കടയ്ക്കൽ പൊലീസ് വിവരം കറുകച്ചാൽ സി.ഐ കെ.എൽ സജിമോനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഷാന്റെ പേരിൽ മോഷണമടക്കം 12ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.