ചാലക്കുടി: മക്കൾ ഉറങ്ങിക്കിടക്കേ, സ്വകാര്യ ലോഡ്ജിൽ അമ്മയും അമ്മാവനും തൂങ്ങിമരിച്ചു. ആമ്പല്ലൂർ മരോട്ടിച്ചാൽ കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത്ത് (25), തമിഴ്നാട് ഈറോഡിൽ ലക്ഷ്മി നിവാസിൽ അനിത (33) എന്നിവരാണ് മരിച്ചത്. ഫാനിൽ ഒരു കയറിലായിരുന്നു ഇരുവരും ജീവനൊടുക്കിയത്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയെന്ന് പൊലീസ് സംശയിക്കുന്നു.
ഇരുവരും എഴുതിയ കത്തുകൾ കണ്ടെടുത്തു. സംഭവം നടക്കുമ്പോൾ പന്ത്രണ്ടും പത്തും വയസുള്ള അനിതയുടെ രണ്ടു മക്കളും മുറിയിലുണ്ടായിരുന്നു. നേരം പുലർന്നപ്പോൾ, മൃതദേഹം കണ്ട കുട്ടികൾ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നയാളോട് വിവരം പറയുകയായിരുന്നു. തുടർന്ന് ലോഡ്ജ് ഉടമ പൊലീസിൽ വിവരം അറിയിച്ചു. ജനുവരി 18ന് ആയിരുന്നു നാലംഗ സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തത്.
ഒരു ദിവസം ഇവിടെ നിന്നും മാറിനിന്ന ഇവർ രണ്ടു ദിവസം മുമ്പ് തിരിച്ചെത്തി താമസം തുടങ്ങി. അനിതയുടെ പിതൃസഹോദരന്റെ മകനാണ് സജിത്ത്. മരോട്ടിച്ചാലിലെ കുഞ്ഞുമോന്റെ മകളാണ് അനിത. വർഷങ്ങൾക്ക് മുമ്പ് ഈറോഡിലേക്ക് പോയതാണ് അനിതയുടെ കുടുംബം. പിന്നീട് അമ്മായിയുടെ മകനായ ഭാനുഷ് എന്നയാൾ ഈറോഡിലെ അനിതയുടെ വീട്ടിലെത്തി, അവരോടൊപ്പം താമസമാക്കി. ഭാനുഷിന്റെയാണ് മക്കളെന്ന് പൊലീസ് പറഞ്ഞു. ഫർണീച്ചർ സംബന്ധമായ കച്ചവടം നടത്തുന്ന സജിത്ത് കുറെക്കാലം കോയമ്പത്തൂരിലുണ്ടായിരുന്നു. ഇതിനിടയിൽ അനിതയുമായി വീണ്ടും കണ്ടുമുട്ടി. തുടർന്ന് രണ്ട് വർഷം മുമ്പ് അനിത ആലപ്പുഴയിലെ ആര്യാടിലേക്ക് താമസം മാറ്റുകയായിരുന്നു. അനിതയെ കാണാനില്ലെന്ന ഭാനുഷിന്റെ പരാതിയിൽ ഈറോഡ് പൊലീസ് കേസെടുത്തിരുന്നു. 2019 ലാണ് സജിത്ത് നാടുവിടുന്നത്. ഇതുസംബന്ധിച്ച് ഒല്ലൂർ പൊലീസിലും കേസുണ്ട്. സജിത്തിന്റെ പേരിൽ നേരത്തെ മറ്റ് കേസുകളുണ്ടായിരുന്നതായി പൊലീസിന് സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സി.ഐ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. അനിതയുടെ മക്കളെ തൽക്കാലം പൊലീസ് സംരക്ഷണയിലാക്കി. ജില്ലാ റൂറൽ എസ്.പി ആർ. വിശ്വനാഥ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് എന്നിവരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.