മേപ്പാടി: വിനോദസഞ്ചാരിയായ അദ്ധ്യാപികയെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിൽ റിസോർട്ട് ഉടമകളെ അറസ്റ്റു ചെയ്തു. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ട് ഉടമകളായ ബത്തേരി നൂൽപ്പുഴ സ്വദേശി സുനീർ, ചീരാൽ സ്വദേശി റിയാസ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. ഇരുവരും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരേയും ജാമ്യത്തിൽ വിട്ടയച്ചു.
മേപ്പാടി എളമ്പിലേരിയിലെ ഇവരുടെ റിസോർട്ടിലെ ടെന്റിൽ കഴിയുകയായിരുന്ന അദ്ധ്യാപികയായ കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റിസോർട്ടിന് പഞ്ചായത്ത് അനുമതി ഇല്ലാതെയാണ് പ്രവർത്തിച്ചു വന്നിരുന്നത്. കൂടാതെ വിനോദസഞ്ചാരികളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിലും റിസോർട്ട് നടത്തിപ്പുകാർക്ക് വീഴ്ച പറ്റിയ പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.