പോത്തൻകോട്: സർക്കാർ അവഗണനയിൽ ദുരിതത്തിലായി സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകർ. ബുദ്ധിമാന്ദ്യം, ഓട്ടിസം, ഡൗൺ സിൻഡ്രം, മാനസിക വൈകല്യമുള്ള അംഗപരിമിതർ തുടങ്ങിയവരുടെ ആശ്രയകേന്ദ്രമാണ് ഇത്തരം സ്‌കൂളുകൾ. എന്നാൽ ഈ മേഖലയിൽ ജോലി നോക്കുന്ന 4000ലധികം വരുന്ന അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ലഭിക്കുന്ന സേവനവേതന വ്യവസ്ഥകൾ ഇപ്പോഴും പരിതാപകരമാണ്. തുടക്കത്തിൽ തുച്ഛമായ വേതനമാണ് അദ്ധ്യാപകർക്കും ആയമാർക്കും ലഭിച്ചിരുന്നത്. 2006ലെ ബഡ്‌ജറ്റിൽ ഈ മേഖലയിലെ സ്‌കൂളുകൾക്ക് ആദ്യമായി സർക്കാർ 10 കോടി രൂപ നോൺ റിക്കറിംഗ് ഫണ്ടായി അനുവദിച്ചതോടെയാണ് പ്രതിഫലത്തിൽ വർദ്ധന വന്നത്. 2012 ലാണ് ഇവർക്ക് 5000 രൂപ അടിസ്ഥാന വേതനമായി അംഗീകരിക്കപ്പെട്ടത്. പ്ലസ് ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയുമുള്ളവർക്ക് മാത്രമേ ഈ മേഖലയിലെ സ്‌കൂളുകളിൽ അദ്ധ്യപികമാരായി നിയമനം ലഭിക്കൂ. ഇപ്പോൾ സ്‌പെഷ്യൽ ബി.എഡും സ്‌പെഷ്യൽ എം.എഡും യോഗ്യത നേടിയവർ ഈ മേഖലയിൽ നിരവധിയുണ്ട്. അദ്ധ്യാപകരുടെയും മാനേജ്മെന്റുകളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് സർക്കാർ സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാർത്ഥ്യമാകുന്നില്ലെന്നാണ് ഇവരുടെ പരാതി. 2012വരെ ഈ മേഖലയിൽ ഒരു അസോസിയേഷൻ മാത്രമാണ് ഉണ്ടായിരുന്നത്. 2013ൽ ഈ സംഘടന രണ്ടാവുകയും മാനേജ്മെന്റുകളുടെയും ജീവനക്കാരുടെയും വെവ്വേറെ സംഘടനകൾ നിലവിൽ വരികയും ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്ന 50 സ്‌കൂളുകൾ ഉൾപ്പെടെ 300 സ്‌കൂളുകളാണ് ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപിക, ആയ, ഡ്രൈവർ, തെറാപ്പിസ്റ്റ്, സൈക്കോ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, കായികാദ്ധ്യാപകർ, സംഗീത - നൃത്ത അദ്ധ്യാപകർ, തൊഴിൽ പരിശീലന അദ്ധ്യപകർ തുടങ്ങി പരിശീലനവും വൈദഗ്ദ്ധ്യവുമുള്ള നാലായിരത്തിലധികം ജീവനക്കാരുള്ള മേഖലയിൽ മാനുഷിക പരിഗണനയ്‌ക്ക് അനുസൃതമായെങ്കിലും സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
പ്രതീക്ഷയോടെ ഇവർ
--------------------------------------------------------------
സാമൂഹ്യ നീതിവകുപ്പിന് കീഴിൽ 1991ൽ രജിസ്‌ട്രേഷൻ നടപടി ആരംഭിക്കുമ്പോൾ ചെറുതും വലുതുമായ നൂറിൽ താഴെ സ്‌കൂളുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പിന്നീടാണ് ഈ സ്‌കൂളുകളുടെ രജിസ്‌ട്രേഷൻ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കിയത്. വേതനത്തിന്റെ കാര്യത്തിലാണ് മാറ്റമുണ്ടാകാതിരുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
മേഖലയിലെ ആകെ സ്‌കൂളുകൾ - 300
ആകെ ജീവനക്കാർ - 4000ലധികം