തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കുറഞ്ഞ നാ ല് വർഷത്തെ
സർവീസുളളവർക്കേ പെൻഷൻ നൽകാവൂ എന്ന് ശമ്പള കമ്മിഷന്റെ ശുപാർശ. ഇക്കാര്യത്തിൽ അധികൃതർ ചട്ടങ്ങളെ അവഹേളിക്കുകയാണെന്നും കമ്മിഷൻ റിപ്പോർട്ടിൽ കുറ്രപ്പെടുത്തി.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിച്ച് 1994 സെപ്തംബർ 23നാണ് ഉത്തരവിറക്കിയത്. ഇതപ്രകാരം, പരമാവധി പെൻഷന് 30 വർഷത്തെയും, ചുരുങ്ങിയ പെൻഷന് 3 വർഷത്തെയും സർവീസാണ് വേണ്ടത്. 29 വർഷത്തിലധികം സർവീസുണ്ടെങ്കിൽ 30 വർഷമായും രണ്ടു വർഷത്തിലധികമുണ്ടെങ്കിൽ മൂന്നു വർഷമായും പരിഗണിക്കും. 2400 രൂപയും ഡി.ആറുമായിരുന്നു ചുരുങ്ങിയ പെൻഷൻ. രണ്ടു വർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ മൂന്നു വർഷമായി പരിഗണിച്ച് പെൻഷൻ നൽകും. പലപ്പോഴും ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടുപേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കാറുണ്ട്. ഇത് ചട്ടങ്ങളുടെ ദുരുപയോഗമാണെന്നാണ് കമ്മിഷന്റെ വിമർശനം. മിനിമം പെൻഷന് ചുരുങ്ങിയ സർവീസ് അഞ്ചു വർഷമായി നിശ്ചയിക്കുകയും, നാലുവർഷത്തിന് മുകളിൽ സർവീസുള്ളവർക്കു മാത്രമായി പെൻഷന് നിജപ്പെടുത്തുകയും വേണമെന്നാണ് കമ്മിഷന്റെ ശുപാർശ.