ksrtc

വിതുര: ബസ് സർവീസുകൾ അശാസ്ത്രീയമായി ഓപ്പറേറ്റ് ചെയ്യുന്നതിനാൽ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയെ ആശ്രയിച്ച് യാത്രചെയ്യുന്നവർ ദുരിതത്തിൽ. സർവീസുകളുടെ എണ്ണം ക്രമാതീതമായി വെട്ടിക്കുറയ്ക്കുന്നതിനാൽ യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിൽ ബസ് കാത്തുന്നിന് നട്ടംതിരിയുന്ന അവസ്ഥയാണ്. ഞായറാഴ്ചകളിലാണ് സ്ഥിതി ഏറെ സങ്കീർണം. പ്രധാന റൂട്ടുകളിലേക്കുപോലും ബസുകൾ അയയ്ക്കാത്തതിനാൽ ഹർത്താൽ പ്രതീതിയാണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്.

വിഷയത്തിൽ നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. കൊവിഡ് വ്യാപനത്തോടെ കെ.എസ്.ആർ.ടി.സിയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നതാണ് യാത്രാദുരിതത്തിന് പ്രധാന കാരണം. മിക്ക റൂട്ടുകളിലേക്കും നാമമാത്രമായ സർവീസുകളാണ് നിലവിലുള്ളത്. ഈ ബസുകളാകട്ടെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് നിറയെ യാത്രക്കാരുമായാണ് യാത്ര ആരംഭിക്കുന്നത്. വഴി മദ്ധ്യേ ബസ് നിറുത്തി യാത്രക്കാരെ കയറ്റുന്നതുമില്ല. ഇവയിൽ കയറണമെങ്കിൽ അഭ്യാസം പലതും പഠിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.

യാത്രക്കാർ പെരുവഴിയിൽ

ഞായറാഴ്ച മിക്ക ഡിപ്പോകളിൽ നിന്നും വേണ്ടത്ര സർവീസ് അയയ്ക്കാറില്ലെന്ന് പരാതിയുണ്ട്. പ്രധാന റൂട്ടുകളിൽ പോലും ഇതാണ് അവസ്ഥ. വിവാഹം അടക്കമുള്ള ചടങ്ങുകൾ കൂടുതലും നടക്കുന്നത് ഞായറാഴ്ചകളിലാണ്. ഇത്തരം യാത്രകൾ നടത്തുന്നവരാണ് ഏറെ ദുരിതം സഹിക്കുന്നത്. വിതുര ഡിപ്പോയിൽ നിന്ന് ഇന്നലെ സർവീസ് നടത്തിയത് ഏഴ് ബസുകൾ മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ച ഒൻപത് എണ്ണം ഒാടി. ഞായറാഴ്ചകളിൽ ഡിപ്പോകളിൽ ബസുകൾ നിരത്തിയിട്ടിരിക്കുമ്പോൾ പ്രധാന കവലകളിൽ യാത്രക്കാർ ബസ് കാത്ത് മണിക്കൂറുകളോളം നിന്ന് നട്ടം തിരിയുകയാണ്. നെടുമങ്ങാട്-തിരുവനന്തപുരം- വിതുര റൂട്ടുകളിൽ സർവീസുകളുടെ എണ്ണം കുറച്ചതിനാൽ സ്വകാര്യ വാഹനങ്ങളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.

സർവീസുകൾ പകുതി മാത്രം

വിതുര-പാലോട്, വിതുര-നെടുമങ്ങാട്, വിതുര-പൊൻമുടി, വിതുര-ബോണക്കാട്, വിതുര-പേപ്പാറ റൂട്ടുകളിലും യാത്രാക്ളേശം രൂക്ഷമാണ്. നേരത്തേ വിതുര ഡിപ്പോയിൽ നിന്ന് 36 ഷെഡ്യൂളുകളാണ് ഒാപ്പറേറ്റ് ചെയ്തിരുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ പകുതി സർവീസുകൾ പുനരാരംഭിച്ചു. ഇപ്പോൾ 17 സർവീസുകളാണ് നിലവിലുള്ളത്. ഇത് യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് തികയുന്നില്ല. മറ്റ് ഡിപ്പോകളിലും ഇതുതന്നെയാണ് അവസ്ഥ. എല്ലായിടത്തും ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ഇതാണ് സർവീസുകൾ മുടങ്ങുന്നതിനുള്ള പ്രധാന കാരണമായി അധികൃതർ പറയുന്നത്.

"വിതുര ഡിപ്പോയിലുള്ള മുഴുവൻ ബസുകളും സർവീസ് നടത്തണം. കണ്ടക്ടർമാരുടേയും, ഡ്രൈവർമാരുടെയും കുറവ് പരിഹരിക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും."

വിതുര ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ