kovzalam

കോവളം: കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിർമ്മാണത്തിനായി വേങ്ങപ്പൊറ്റയ്ക്ക് സമീപത്തെ കഴിവൂർ താഴംകോട്- നെല്ലിമൂട് റോഡിലെ പ്ലാവിള പാലം പൊളിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. പ്ലാവിള വഴിയുള്ള ബസ് സർവീസ് നിലച്ചതാണ് തിരിച്ചടിയാകുന്നത്. ഇതുകാരണം ഹൈവേയുടെ മറുവശത്തെത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയാണ്. ജനജീവിതത്തെ തന്നെ സാരമായി പ്രശ്നം ബാധിക്കുന്നുണ്ട്.

പൊളിച്ച പാലത്തിന് പകരം പുതിയത് നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അധികൃതർ ഇനിയും പരിഗണിച്ചിട്ടില്ല.

പാലം ഇല്ലാതായതോടെ ഇവിടെ താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് റോഡിനപ്പുറം എത്തണമെങ്കിൽ ഒരു കിലോമീറ്ററിലധികം ചുറ്റണം. സ്കൂൾ, ഹോമിയോ ആശുപത്രി, അങ്കണവാടി, മുലയൻതാന്നി ദേവീക്ഷേത്രം, കഴിവൂർ ഭഗവതി ക്ഷേത്രം, മാർക്കറ്റുകൾ എന്നിവയെല്ലാം റോഡിന് അപ്പുറത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് പോകുന്നവരാണ് ഏറെ ദുരിതത്തിലായത്. കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമാണം ആരംഭിച്ചത് മുതൽ ഇവിടെയുള്ളവർ മുന്നോട്ടുവച്ച പ്രധാന ആവശ്യമായിരുന്നു പ്ലാവിളയിൽ പാലം വേണമെന്നുനുള്ളത്. എന്നാൽ വേങ്ങപ്പൊറ്റയിൽ പാലം സ്ഥാപിച്ചതിന്റെ പേരിൽ ഫണ്ടില്ലെന്ന് പറഞ്ഞ് പ്ലാവിളയിലെ പാലത്തെ അധികൃതർ ഉപേക്ഷിക്കുകയായിരുന്നു.

പരാതികൾക്ക് ഫലമില്ല

പ്ലാവിളയിൽ മേൽപ്പാലം നിർമ്മിക്കാനായി നാട്ടുകാർ നിരവധി നിവേദനങ്ങളാണ് ബൈപ്പാസ് അധികൃതർക്ക് നൽകിയിരുന്നത്. കഴക്കൂട്ടം-കാരോട് ബൈപ്പാസ് കടന്നുപോകുന്ന കഴിവൂർ പ്ലാവിളയിൽ പാലം നിർമിക്കണമെന്ന ആവശ്യവുമായി ബൈപ്പാസ് ആക്ഷൻ കൗൺസിൽ ഉൾപ്പെടെയും രൂപീകരിച്ചു. കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി, വകുപ്പ് മന്ത്രി, ജില്ലാകളക്ടർ എന്നിവർക്ക് പരാതിയും നൽകി. എന്നാൽ ഇതിനൊന്നും ഫലമില്ലാതായതോടെ ജനങ്ങൾ നിരാശയിലാണ്.

"ബൈപ്പാസിനോടൊപ്പം ഇവിടെ മേൽപ്പാലം വരേണ്ടത് പ്രദേശത്തിന്റെ വികസനത്തിന് ആവശ്യമായിരുന്നു. പാലം വേണം എന്ന ആവശ്യം അധികൃതരെ അയിച്ചിട്ടും ഫലം കണ്ടില്ല. "

എൻ.ബാബു, പ്രദേശവാസി

"പ്ലാവിളയിൽ പാലം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഭരണതലത്തിൽ തീരുമാനം ഉണ്ടാകാത്തതിനാലാണ് പാലം നിർമ്മിക്കാനാകാത്തത്. "

പ്രദീപ്, പ്രോജക്ട് ഡയറക്ടർ എൻ.എച്ച്.എ.ഐ