തിരുവനന്തപുരം:പരിസ്ഥിതിക്കും ആരോഗ്യത്തിനും വിപത്തായ പ്ലാസ്റ്റിക് മാലിന്യം
സംസ്ഥാനത്ത് 2,445 കിലോമീറ്റർ റോഡ് ടാറിംഗിന് പ്രയോജനപ്പെട്ടു.
1590 ടൺ (15.9 ലക്ഷം കിലോഗ്രാം) പ്ലാസ്റ്റിക് മാലിന്യമാണ് മൂന്നു വർഷത്തിനുള്ളിൽ ഉപയോഗിച്ചത്. ഹരിത കർമ്മസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചതാണിത്.
പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുയെന്ന ലക്ഷ്യത്തോടെയാണ് ഹരിതകേരള മിഷനും ക്ലീൻ കേരളയും പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ഇതു നടപ്പാക്കുന്നത്. കത്തിച്ചാൽ കാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യ മാണിത്.
2016-17ലാണ് റോഡ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുവാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ നവീകരിക്കുന്ന റോഡുകളിൽ 10 ശതമാനത്തിലെങ്കിലും പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് 2016ൽ സർക്കാർ നിർദ്ദേശിച്ചിരുന്നു.
50 മൈക്രോണിൽ താഴെയുള്ള, വീണ്ടും ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കാണ് ടാറിംഗിന് ഉപയോഗിക്കുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കിലോയ്‌ക്ക് മൂന്നു മുതൽ അഞ്ച് രൂപവരെ ഹരിത സേനാംഗങ്ങൾക്ക് ലഭിക്കും.
ഇവ തരംതിരിച്ച് പൊടിക്കാൻ സംസ്ഥാനത്ത് 120ഓളം ഷ്രഡിംഗ് യൂണിറ്റുകളുണ്ട്.
റോഡിന്റെ വലിപ്പവും കേടുപാടുകളും മറ്റും കണക്കിലെടുത്താൽ ഒരു കിലോമീറ്റർ ടാറിംഗിന് 1700 കിലോ വരെ പ്ലാസ്റ്റിക് വേണ്ടിവരും. പദ്ധതി വ്യാപിപ്പിക്കുമെന്നും മാർച്ചിനകം 2000ത്തിലേറെ കിലോമീറ്റർ റോഡ് പ്ലാസ്റ്റിക് ടാറിംഗ് നടത്തുമെന്നും ഹരിത കേരള മിഷൻ അധികൃതർ പറഞ്ഞു.
.
@ബിറ്റുമിനിൽ എട്ട് ശതമാനം പ്ലാസ്റ്റിക്
@ അടിയിലെ പാളിയാണ് പ്ലാസ്റ്റിക് ടാറിംഗ്
@ഇതിന് മുകളിൽ ബിറ്റുമിൻ മക്കാഡം
@ഏറ്റവും മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ്
@പ്ലാസ്റ്റിക് ചേരുമ്പോൾ ടാറിന് ഇലാസ്‌തികത
@റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിയില്ല.
പലതുണ്ട് ഗുണം
- ഗുണനിലവാരമുള്ള റോഡ്
- പ്ലാസ്റ്റിക് മാലിന്യ സംസ്കരണം
- ഹരിതകർമ സേനയ്‌ക്കും തദ്ദേശസ്ഥാപനങ്ങൾക്കും വരുമാനം