budjet

തിരുവനന്തപുരം: ഇന്നത്തെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിലെ റെയിൽവേയ്ക്ക് എന്തുകിട്ടും? 2023 ഓടെ ലെവൽക്രോസ് രഹിത ഭാരതം പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ ലെവൽ ക്രോസുകളിൽ ഓവർ ബ്രിഡ്ജ്, അണ്ടർപാസ് തുടങ്ങിയ പദ്ധതികൾക്ക് പണം അനുവദിച്ചേക്കും. 336 ലെവൽ ക്രോസുകളാണുള്ളത്.

ശബരി പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കാമെന്നറിയച്ചതിനാൽ ഇത്തവണ ബഡ്ജറ്റ് വിഹിതം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ ചില ട്രെയിനുകളിലും കേരളം പ്രതീക്ഷയർപ്പിക്കുന്നു. തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് പാതയുടെ ഡി.പി.ആർ മാത്രമാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. അതിന് അംഗീകാരം കിട്ടുന്ന മുറയ്ക്കാവും ബഡ്ജറ്റ് വിഹിതം. തലശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻഗുഡ് പദ്ധതികളുടെയും ഡി.പി.ആർ പരിഗണനയിലാണ്.

അങ്കമാലി-എരുമേലി ശബരി പാത വരുന്നതോടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകൾ റെയിൽവേ ശൃംഖലയുടെ ഭാഗമാകും. കാലടി വരെ 7 കിലോമീറ്റർ മാത്രം പൂർത്തിയാക്കിയ പദ്ധതിയിൽ രാമപുരം വരെ (73 കി.മീ) പാത നിർമ്മാണത്തിനു മറ്റു തടസങ്ങളില്ല. എറണാകുളം ജില്ലയിലെ ഭൂമിയേറ്റെടുക്കൽ നടപടി ആരംഭിക്കാനിരിക്കെയാണ് പദ്ധതി കേന്ദ്രം മരവിപ്പിച്ചത്.

നേമം ടെർമിനൽ വികസനത്തിനും തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനും പണം അനുവദിച്ചാലേ തലസ്ഥാനത്തെ റെയിൽവേ വികസനം സാദ്ധ്യമാകൂ.എറണാകുളം- അമ്പലപ്പുഴ പാതയിരട്ടിപ്പിക്കൽ, എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കൽ (കോട്ടയം വഴി), കൊല്ലം, പാലക്കാട് മെമു ഷെഡ് വികസനം, ഷൊർണൂർ യാഡ് റീമോഡലിംഗ് പദ്ധതി തുടങ്ങിയവയ്ക്ക് പണം അനുവദിക്കാനാണ് സാദ്ധ്യത. മലയാളിയായ ജോൺ തോമസാണ് ദക്ഷിണ മേഖലാമേധാവി.

നടപ്പിലാകാത്ത

പ്രഖ്യാപനങ്ങൾ

പാലക്കാട് പിറ്റ് ലൈൻ-കഴിഞ്ഞ ബഡ്ജറ്റിൽ അംഗീകരിച്ചെങ്കിലും പണമില്ലാത്തതിനാൽ പണി തുടങ്ങാനായില്ല.

എറണാകുളം–ഷൊർണൂർ മൂന്നാം പാത-1518 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സർവേ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം 1000 രൂപ ടോക്കണായാണ് അനുവദിച്ചത്.

ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ്- പല ബഡ്ജറ്റുകളിലായി,എറണാകുളത്തും കൊച്ചുവേളിയിലും പ്രഖ്യാപിച്ച ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റ് യാഥാർത്ഥ്യമായില്ല. വകയിരുത്തിയ 4 കോടി പോലും ചെലവാക്കിയിട്ടില്ല.

ആവശ്യപ്പെട്ടത്

പുതിയ 12 ട്രെയിൻ

തിരുവനന്തപുരം- കണ്ണൂർ ശതാബ്ദി, കോഴിക്കോട്- ബംഗളൂരു ഇന്റർസിറ്റി, എറണാകുളം- സേലം ഇന്റർസിറ്റി, കൊച്ചുവേളി- ഹൈദരാബാദ്, വാസ്കോ- നാഗർകോവിൽ ഉൾപ്പെടെ 12 പുതിയ ട്രെയിനുകൾ വേണമെന്നാണ് മന്ത്രി ജി.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.