തിരുവനന്തപുരം: പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിൽ നേമം ടെർമിനലിനും തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനും പണം അനുവദിച്ചാൽ മാത്രമേ തലസ്ഥാനത്തെ റെയിൽവേ വികസനം കൂടുതൽ വേഗത്തിലാകൂ. സെൻട്രൽ സ്റ്റേഷൻ മുതൽ നേമം വരെ പാത ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയെങ്കിലും പണമില്ലാത്തതു കാരണം തുടർനടപടികൾ വൈകുകയാണ്. നേമം ടെർമിനലിന്റെ 116 കോടി രൂപയുടെ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. 2024ന് മുമ്പ് പൂർത്തിയാക്കേണ്ട പ്രധാന പദ്ധതികളുടെ കൂട്ടത്തിൽ തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടുത്തിയെങ്കിലും നേമം ടെർമിനൽ ഇടം നേടിയിട്ടില്ല. പാത ഇരട്ടിപ്പിക്കലിനും നേമം ടെർമിനലിനുമായി 250 കോടി രൂപയാണ് വേണ്ടത്. നേമം ടെർമിനൽ പദ്ധതിക്ക് 2008ലാണ് അനുമതി ലഭിച്ചത്. അഞ്ചു പ്ലാറ്റ്‌ഫോം മാത്രമുള്ള തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആലോചിച്ചത്. കഴിഞ്ഞ ബഡ്‌ജറ്റിൽ വെറും 50 ലക്ഷം രൂപ മാത്രമാണ് നേമത്തിനു ലഭിച്ചത്. 14.86 ഹെക്ടർ ഭൂമിയാണു തിരുവനന്തപുരം മുതൽ നേമം വരെ ഏറ്റെടുക്കേണ്ടത്. ഇതിൽ 5.28 ഹെക്ടർ ഭൂമിയാണ് നേമം ടെർമിനലിനുവേണ്ടത്. ഏറെ കൊട്ടിഘോഷിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് 2019 മാർച്ചിൽ ടെർമിനലിന് തറക്കില്ലിട്ടത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം കാരണം നേമത്തിനായി ജില്ലയിലെ ജനപ്രതിനിധികൾ രംഗത്തിറങ്ങാതിരുന്നതും തിരിച്ചടിയായി. കൊച്ചുവേളിയിൽ മാസ്റ്റർപ്ലാൻ അനുസരിച്ചു മൂന്നാംഘട്ട വികസന നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. നിരന്തര മുറവിളികൾക്ക് ഒടുവിൽ കഴിഞ്ഞ മാസം 8 കോടി രൂപയുടെ പണികൾക്കു റെയിൽവേ കരാർ നൽകി. കൊച്ചുവേളിയിൽ ഇനി 32 കോടി രൂപയാണ് വേണ്ടത്. മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി രണ്ട് പ്ലാറ്റ്‌ഫോമുകളും ഒരു സ്റ്റേബിളിംഗ് ലൈനുമാണു വരേണ്ടത്.
പാത ഇരട്ടിപ്പിക്കലിനും നേമം
ടെർമിനലിനുമായി വേണ്ടത് - 250 കോടി രൂപ
കൊച്ചുവേളിയിൽ ഇനി വേണ്ടത് - 32 കോടി രൂപ
നേമത്തെ ഓവർടേക്ക്
ചെയ്യാൻ നാഗർകോവിൽ
റെയിൽവേയിൽ നിന്ന് പണം കിട്ടിയാൽ മാത്രമേ ഭൂമി ഏറ്രെടുക്കൽ നടത്താൻ കഴിയൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നേമത്ത് 600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളുടെയും 750 മീറ്റർ നീളമുള്ള ട്രാക്കിന്റെയും പണിയാണ് നിലവിൽ പൂർത്തിയാകാതെ കിടക്കുന്നത്. അതേസമയം നാഗർകോവിൽ സ്റ്റേഷൻ വിപുലീകരണത്തിനായി തമിഴ്നാട് സർക്കാർ ശ്രമം ശക്തമാക്കിയിട്ടുണ്ട്. അവിടെ ഭൂമിക്കും പ്രശ്‌നമില്ല.
തിരിച്ചടിയാകുന്നത്
---------------------------------
സ്ഥലമേറ്റെടുപ്പിലെ കാലതാമസം
പദ്ധതി തുക ലഭിക്കുന്നത് വൈകുന്നു
ജനപ്രതിനിധികളുടെ ഇടപെടൽ ഇല്ല