മലയിൻകീഴ് : പുതിയ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആശയ വിനിമയ ശില്പശാല സംഘടിപ്പിച്ചു. മന്ത്രി തോമസ് ഐസക് ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്തു.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോക്ടർ ടി.എൻ.സീമ എന്നിവർ സംസാരിച്ചു.
സുസ്ഥിര വികസന കാഴ്ച്ചപ്പാട് എന്ന വിഷയത്തെ സംബന്ധിച്ച് ഗവൺമെന്റിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത്,നവകേരള നിർമ്മിതിയും ജനപ്രതിനിധികളും എന്ന വിഷയത്തിൽ കില ഡയറക്ടർ ഡോ.ജോയ് ഇളമൺ എന്നിവർ ക്ലാസുകളെടുത്തു. തുടർന്ന് ജലസമൃദ്ധി, അറിയാം കാട്ടാക്കട എന്നീ പദ്ധതികളെ പറ്റി ഭൂവിനിയോഗ കമ്മിഷണർ എ.നിസാമുദ്ദീനും, ഒപ്പം പദ്ധതിയെപ്പറ്റി അസിസ്റ്റന്റ് കോ-ഓഡിനേറ്റർ ബീന ബഷീർ,കൂട്ട് പദ്ധതിയെപ്പറ്റി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു എന്നിവർ വിശദീകരിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി,വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.