ബാലരാമപുരം: കരാറുകാരന്റെ മരണത്തെ തുടർന്ന് നവീകരണം അനിശ്ചിതത്വത്തിലായ ബാലരാമപുരം - കാട്ടാക്കട റോഡ് യാത്രക്കാർക്ക് വാരിക്കുഴിയാകുന്നു. റോഡിൽ അങ്ങോളമിങ്ങോളമുള്ള കുഴികൾ കാരണം ലക്കും ലഗാനുമില്ലാതെയാണ് വാഹനങ്ങളുടെ സഞ്ചാരം. നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ ബാലരാമപുരം മുതൽ കാട്ടാക്കട ടൗൺ വരെ ഓടയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ടാറിംഗ് ജോലികൾ തുടങ്ങാനിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. ടാറിംഗ് ജോലികൾ നീണ്ടതോടെ ബാലരാമപുരം പഞ്ചായത്ത് ഓഫീസ് മുതൽ ചാനൽപ്പാലം വരെ റോഡ് തകർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. അപകടങ്ങളും പതിവായതോടെ പ്രതിഷേധവും ശക്തമാണ്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 10.20 കോടി രൂപയാണ് ബാലരാമപുരം കാട്ടാക്കട റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. പൊതുമരാമത്തിന്റെ കീഴിലുള്ള റോഡ് 2019ൽ ദേശീയപാത അതോറിറ്റിക്ക് കൈമാറുകയായിരുന്നു.
വേണ്ടത്ര തൊഴിലാളികൾ ഇല്ലാതിരുന്നതും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികളും കാരണം റോഡ് നവീകരണം മാസങ്ങളോളം നീണ്ടുപോയി. 2020 ഡിസംബർ വരെ കരാർ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ ദേശീയപാത അധികൃതർക്ക് കത്ത് നൽകിയെങ്കിലും ഒക്ടോബറിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് നിർദ്ദേശം കൈമാറിയത്. ഇതിനിടെ കരാറുകാരൻ മരിച്ചതോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർണമായും നിലച്ചു.
പുതിയ കരാറുകാരനെ കണ്ടെത്തും
പുതിയ കരാറുകാരനെ കണ്ടെത്താൻ ദേശീയപാത അധികൃതർ ശ്രമം ആരംഭിച്ചെങ്കിലും പഴയ കരാറുകാരനുമായുള്ള എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തീകരിക്കാനും കാലതാമസം നേരിട്ടു. ഈ മാസം രണ്ടിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ കരാറുകാരനെ കണ്ടെത്താനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. കാട്ടാക്കട മുതൽ ബാലരാമപുരം ഫെഡറൽ ബാങ്ക് ഓഫീസിന് സമീപം വരെ പത്തര കിലോമീറ്റർ ദൂരമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. നാട്ടുകാരുടെ പരാതി ശക്തമായതോടെ ഐ.ബി.സതീഷ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടു. വകുപ്പ് ഉദ്യോഗസ്ഥരുമായും ദേശീയപാത അധികൃതരുമായും ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി ആദ്യവാരം പുതിയ കരാറുകാരനെ കണ്ടെത്തി ടാറിംഗ് ജോലികൾ പുനരാരംഭിക്കാനാണ് പുതിയ തീരുമാനം. ടാറിംഗ് നീണ്ടുപോയാലും റോഡിലെ കുഴികളടയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
സമരത്തിനൊരുങ്ങി ജനങ്ങൾ
കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഈ മാസം നടക്കാനിരിക്കെ ബാലരാമപുരം –കാട്ടാക്കട റോഡ് അടിയന്തരമായി നവീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. വിവിധ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
"ബാലരാമപുരം-കാട്ടാക്കട റോഡിലെ കുഴികളടയ്ക്കാൻ നടപടി സ്വീകരിക്കും. പുതിയ കരാർ കൈമാറിയാലുടൻ ഇത് ആരംഭിക്കും. "
വിജയരാജ്,ദേശീയപാത വിഭാഗം, അസി. എൻജിനിയർ