തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ലീവ് സറണ്ടർ മാതൃകയിൽ ഡ്യൂട്ടി സറണ്ടർ ഏർപ്പെടുത്തും. ദിവസവും അധിക ഡ്യൂട്ടി ചെയ്യുന്നവർ പകരം ഓഫ് എടുക്കാതിരുന്നാൽ, ഡ്യൂട്ടി സമയമനുസരിച്ച് ശമ്പളത്തിനൊപ്പം അധിക തുക നൽകും.
ഒരു ജീവനക്കാരൻ ഒരു ദിവസം വിശ്രമസമയം ഉൾപ്പെടെ 12 മണിക്കൂർ ജോലിയെടുക്കുമ്പോൾ , അധികമായി ചെയ്യുന്നത് പകുതി ഡ്യൂട്ടിയാണ് (നാല് മണിക്കൂർ). പകുതി ഡ്യൂട്ടി സറണ്ടർ ചെയ്യുമ്പോൾ ഒരു ഡ്യൂട്ടിയുടെ പകുതി തുക ലഭിക്കും. പകുതി ഡ്യൂട്ടി തുക 250 രൂപയാണെങ്കിൽ, ഒരു മാസത്തിൽ 25 ദിവസം ഡ്യൂട്ടി സറണ്ടർ ചെയ്താൽ 6250 രൂപ അധികം ലഭിക്കും.
പരിഷ്കരണത്തിന്റെ ഭാഗമായി, യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ നിരന്തരം സർവീസുകൾ നടത്താനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. അതിനാവശ്യമായ ജീവനക്കാരെ ഉറപ്പ്
വരുത്താനാണ് ഡ്യൂട്ടി സറണ്ടർ . വരുമാനം കൂടുന്നതനുസരിച്ച് ജീവനക്കാർക്ക് ആകർഷകമായ ഇൻസെന്റീവും പരിഗണനയിലുണ്ട്.
ദീർഘദൂര , ഹ്രസ്വദൂര സർവീസുകളിലും മാറ്റമുണ്ടാവും. സ്ഥലം മാറ്റത്തിനുള്ള കരട് പട്ടിക ഡിപ്പോകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലും ആവശ്യത്തിന് ജീവനക്കാരാകുമ്പോഴേക്കും, ഡ്യൂട്ടി സറണ്ടർ നടപ്പിലാക്കും.